Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി

 

ലോക്‌സഭാ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് തുടങ്ങിയ പോളിംഗ് സാമഗ്രികളാണ് വിതരണം ചെയ്തത്. 

ഏപ്രിൽ ഒമ്പതിനാണ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) സാമഗ്രികൾ കൈമാറിയത്. ആദ്യദിനത്തിൽ പെരുമ്പാവൂർ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെയും അവസാന ദിനത്തിൽ കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എ ആർ ഒ മാർക്കുമാണ് വിതരണം ചെയ്തത്.

14 നിയോജക മണ്ഡലങ്ങളിലായി 2748 വീതം  ബാലറ്റ് യൂണിറ്റുകളും  കൺട്രോൾ യൂണിറ്റുകളും 2953 വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തത്.

ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് കൈമാറിയത്. ഇവ ഓരോ നിയോജകമണ്ഡലത്തിലേയും  സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിലെത്തിക്കുന്നത്. ഏപ്രിൽ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാകും വോട്ടിംഗ് മെഷീൻ ഏത് പാേളിംഗ് ബൂത്തിലേക്ക് എന്ന് നിശ്ചയിക്കുന്നത്.

date