Skip to main content

സി-വിജില്‍ ആപ്പ്; ജില്ലയില്‍ 10000 കടന്ന് പരാതികള്‍ 

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 20 വരെ ലഭിച്ചത് 10795 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 10199 പരാതികള്‍ പരിഹരിച്ചു. 596 എണ്ണം തള്ളി. ലൊക്കേഷന്‍ വ്യക്തമാവാത്തതും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുവാദത്തോടെ പതിച്ച പോസ്റ്റര്‍ നീക്കണമെന്ന് ആവശ്യപ്പെട്ട പരാതികളാണ് ഒഴിവാക്കിയതില്‍ ഏറെയും. ശരാശരി 36 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 1385 എണ്ണം. ഇതില്‍ 1326 എണ്ണം പരിഹരിച്ചു. കുറവ് ചേലക്കരയിലും - 539. ഇതില്‍ 514 എണ്ണത്തിന് പരിഹാരമായി. ഗുരുവായൂര്‍ 663, ഇരിഞ്ഞാലക്കുട 721, കൈപ്പമംഗലം 1032, കൊടുങ്ങല്ലൂര്‍ 753, കുന്നംകുളം 792, മണലൂര്‍ 626, നാട്ടിക 1239, ഒല്ലൂര്‍ 857, പുതുക്കാട് 611, ചാലക്കുടി 546, വടക്കാഞ്ചേരി 519 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്.
 
പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും.

date