Skip to main content
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി എന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്‌ട്രോംഗ് റൂമുകളില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ രാവിലെ പുറത്തെടുത്താണ് തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന് തുടക്കമായത്. ലോക്‌സഭാ മണ്ഡലപരിധിയില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജമണ്ഡലങ്ങള്‍ക്കുമുള്ള വിതരണ കേന്ദ്രങ്ങളില്‍ നിന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ ചുമതലയിലാണ് വോട്ടിംഗ് സാമഗ്രികള്‍ കൈമാറിയത്. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശുചിമുറി, റാമ്പ്, വെളിച്ചം തുടങ്ങി അട

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല സുസജ്ജം;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി എന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്‌ട്രോംഗ് റൂമുകളില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ രാവിലെ പുറത്തെടുത്താണ് തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന് തുടക്കമായത്. ലോക്‌സഭാ മണ്ഡലപരിധിയില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജമണ്ഡലങ്ങള്‍ക്കുമുള്ള വിതരണ കേന്ദ്രങ്ങളില്‍ നിന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ ചുമതലയിലാണ് വോട്ടിംഗ് സാമഗ്രികള്‍ കൈമാറിയത്. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശുചിമുറി, റാമ്പ്, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി.

അടിയന്തരഘട്ടങ്ങളിലേക്കുള്ള വീല്‍ചെയറുകള്‍ സെക്ടര്‍ ഓഫീസര്‍മാര്‍ മുഖാന്തിരം ഒരുക്കി. പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ 88 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനവും സുരക്ഷാമുന്‍കരുതലും മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സേവനവും ഉറപ്പാക്കി. ഓരോ അസംബ്ലി മണ്ഡലത്തിലും അഞ്ച് വീതം മാതൃകാപോളിംഗ് സ്റ്റേഷനുകളും ഓരോ സ്ത്രീസൗഹൃദ പിങ്ക് പോളിംഗ് സ്റ്റേഷനുകളുമുണ്ട്. തിരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.  

പ്രിസൈഡിംഗ് ഓഫീസര്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ സെക്കന്റ്-തേര്‍ഡ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് ബൂത്ത്തല സംവിധാനം. ജില്ലയൊട്ടാകെ 9250 ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിനുള്ളത്. ജില്ലയിലെ 1951 പോളിംഗ് സ്റ്റേഷനുകളിലായി 11,17,658 സ്ത്രീ വോട്ടര്‍മാരും 10,14,747 പുരുഷ വോട്ടര്‍മാരും 22 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പടെ 21, 32, 427 വോട്ടര്‍മാരുണ്ട്. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലുള്ള പോസ്റ്റല്‍ ബാലറ്റ് നടപടിക്രമം പൂര്‍ത്തിയാക്കി.

രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറു മണിക്ക് അവസാനിക്കും. ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ ആധാര്‍ കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബാങ്ക്- പോസ്റ്റോഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്, പാര്‍ലമന്റ് അംഗങ്ങള്‍/നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി .കാര്‍ഡ്) എന്നിവ ഉപയോഗിച്ച് വോട്ടു ചെയ്യാം.

കേരള പൊലിസിന് പുറമേ തമിഴ്‌നാട്, കേന്ദ്ര പൊലിസ് സംഘങ്ങളാണ് ക്രസമാധാനപാലനത്തിനുള്ളത്. 99 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 33 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, 22 വിഡിയോ സര്‍വൈലന്‍സ് സംഘങ്ങള്‍, 11 വിഡിയോ വ്യൂയിംഗ് ടീമുകള്‍, 12 ആന്റി ഡിഫെയ്‌സ്‌മെന്റ് സ്വക്വാഡുകള്‍, മൂന്ന് മോഡല്‍ കോഡ് ഓഫീസര്‍മാര്‍ എന്നിവരും നിരീക്ഷണരംഗത്തുണ്ട്.

ജനാധിപത്യം ശക്തിപ്പെടുത്താനായി എല്ലാവരും പോളിംഗ് ബൂത്തുകളിലെത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date