Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര   ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.

ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.

പോളിങ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണു സംസ്ഥാനത്ത് പോളിങ്ങിനായി ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന്ഘട്ട റാൻഡമൈസേഷൻ, മോക്ക് പോളിങ് എന്നിവ പൂർത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തുകളിൽ എത്തിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

date