Skip to main content
കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കം

കുട്ടികളില്‍ ഉന്നതനിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് കുട്ടികള്‍ക്കൊപ്പം ‘ക്ലാപ്’ അടിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനും അത്തരം സിനിമകള്‍ ആസ്വദിക്കുന്നതിനുമുള്ള പരിശീലനമാണ് ചലച്ചിത്രാസ്വാദന ക്യാമ്പിലൂടെ സാധ്യമാക്കുന്നതെന്ന് പറഞ്ഞു.  

സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി.ഷൈന്‍ ദേവ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ഗീതി സംഗീത എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് പങ്കെടുക്കുന്നത്. ചലച്ചിത്രകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ളാസുകള്‍, ക്ളാസിക് ചിത്രങ്ങളുടെ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയാണുള്ളത്. സംവിധായകരായ സിദ്ധാര്‍ത്ഥ ശിവ, വിധു വിന്‍സെന്റ്, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍, നട•ാരായ രാജേഷ് ശര്‍മ്മ, ജോബി എ.എസ്, ചലച്ചിത്രനിരൂപകനും നടനുമായ കെ.ബി വേണു, നിരൂപകനും ഗാനരചയിതാവുമായ ഡോ.ജിനേഷ് കുമാര്‍ എരമം, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ എന്നിവരാണ് വിവിധ സെഷനുകള്‍ നയിക്കുന്നത്.

അബ്ബാസ് കിറസ്താമിയുടെ 'വേര്‍ ഈസ് ദ ഫ്രന്റ്സ് ഹൗസ', ജര്‍മ്മന്‍ ചിത്രമായ 'ദ ടീച്ചേഴ്സ് ലോഞ്ച്', ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് ക്ളാസിക് ആയ 'ബൈസിക്കിള്‍ തീവ്സ്' എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള സംവാദവും അനുബന്ധമായുണ്ട്. സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയത്തിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

date