Skip to main content

ലോട്ടറി തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്  ടീമിനെ നിയോഗിക്കും: ധനമന്ത്രി

 

*കാരുണ്യ ബനവലന്റ് ഫണ്ട്, ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളുടെ 

ആസ്ഥാനം തമ്പാനൂരേക്ക് മാറ്റി

  സംസ്ഥാന ലോട്ടറി വിപണന രംഗത്ത് ലോട്ടറി മാഫിയയുടെ കടന്നുകയറ്റം ശക്തമായി ചെറുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കള്ളലോട്ടറി കച്ചവടം കണ്ടുപിടിക്കാന്‍ പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ലോട്ടറി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ബനവലന്റ് ഫണ്ട്,  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് എന്നിവയുടെ ആസ്ഥാനം കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ ബസ് ടെര്‍മിനലിലെ മൂന്നാമത്തെ ബ്ലോക്കിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലോട്ടറി രംഗത്ത് ഇടനിലക്കാരുടെ കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇടനിലക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ലോട്ടറി സ്വയം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ കേരളം സന്നദ്ധമാണ്. എഴുത്തു ലോട്ടറിയും കള്ള ലോട്ടറിയും സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമുള്ള കേരള ലോട്ടറിക്കെതിരായ കുപ്രചരണങ്ങള്‍ തടയാനും നടപടിയെടുക്കും.

കേരളത്തില്‍ നിലവില്‍ 250 ല്‍പരം ലോട്ടറി സംബന്ധമായ കേസുകളുണ്ട്. ഇത് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണ സംവിധാനം അനിവാര്യമാണ്. ലോട്ടറി തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഏജന്റിനും  സംസ്ഥാന ലോട്ടറി നടത്തിപ്പില്‍ സ്ഥാനമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ ബനവലന്റ് ഫണ്ട് ഓഫീസും പാളയം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമാണ് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ടെര്‍മിനലിലെ മൂന്നാമത്തെ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4317/18

date