Skip to main content

ഓരോരുത്തരും സത്യാന്യോഷികളായിരിക്കുക : മേധാ പട്കര്‍ ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്തു

 

 

കൊച്ചി: നാം ഓരോരുത്തരും ചുറ്റും നടക്കുന്നതെന്തെന്ന് സശ്രദ്ധം വീക്ഷിക്കുകയും സത്യാനേ്വഷികള്‍ ആയിരിക്കുകയും വേണമെന്ന് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. അടിസ്ഥാന വിഭാഗങ്ങളുടെയും  കര്‍ഷകരുടെയും പാവപ്പെട്ട ജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക്  ചെവി കൊടുക്കണം.  സേവനം ഒരു ത്യാഗമല്ല. മറിച്ച്   ഓരോരുത്തരുടെയും ഉത്തരവാദിത്വവും  കടമയുമാണ്. താന്‍ ചെയ്തത് ത്യാഗമാണെന്ന് ഗാന്ധിജി ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്നും മേധാപട്കര്‍ ഓര്‍മിപ്പിച്ചു. 

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പിനെയും സേക്രട്ട് ഹാര്‍ട്ട് കോളേജ#ിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവചനം അടിസ്ഥാനമാക്കി ഗാന്ധി സ്മൃതി സന്ദേശവും നല്‍കി.  ഗാന്ധിജിയുടെ ദര്‍ശനങ്ങളുടെ ഒരംശമെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ ജീവിത വിജയമാണ്. ജീവിതത്തില്‍ എത്ര പ്രതിസന്ധികള്‍ വന്നാലും ഗാന്ധിമാര്‍ഗ്ഗമായ സത്യവും  അഹിംസയും നാം പിന്തുടരണം. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ എക്കാലവും പ്രസക്തമാണ്.   ലോകത്തിലെ തന്നെ നല്ലൊരു ഭാഗം ജനങ്ങളുടെയും മാതൃകാപുരുഷനാണദ്ദേഹം. മഹാരാഷ്ട്രയിലെ ഖാര്‍ഗോണ്‍ ജില്ലയിലെ സെഞ്ചുറി മില്‍   നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം തൊഴിലാളികള്‍  ഏറ്റെടുക്കുന്നത് 150ാം ഗാന്ധിജയന്തി ദിനത്തിലായതില്‍ സന്തോഷിക്കുന്നതായും മേധ പട്കര്‍ പറഞ്ഞു.  ഈ വിജയം അദ്ദേഹത്തിന്റെ സ്മരണക്കു മുന്നില്‍ ആദരവായി സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

 പ്രളയകാലത്ത് സംസ്ഥാനത്തു നടന്ന  രക്ഷാ പ്രവര്‍ത്തനങ്ങളെയും പ്രളയാനന്തര നവകേരള നിര്‍മാണത്തെയും അവര്‍  അഭിനന്ദിച്ചു. എസ്.എച്ച്.  കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും  വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും  സേവനമനോഭാവവും പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു. 

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലക്കാപിള്ളി , കെ വി തോമസ് എംപി, മീഡിയ അക്കാദമി പ്രതിനിധി ദീപക് ധര്‍മ്മടം, എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബുക്കുട്ടന്‍ , എസ് എച്ച്  കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.  രമ്യ രാമചന്ദ്രന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സി എസ് ആര്‍ ഹെഡ്  വര്‍ഗീസ് എം ഡി, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗാന്ധിജയന്തിയോടനുബന്ധിച്ച് ആരംഭിച്ച ക്യാമ്പില്‍ ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി മതഭ്രാന്തന്മാരുടെ തോക്കിനിരയായി വെടിയേറ്റ് വീണ ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിലെ മണ്ണും കോളേജില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രളയത്തില്‍ ഏറെ നഷ്ടം നേരിട്ട ചേന്ദമംഗലത്തിന് സഹായമാകാന്‍ കൈത്തറി വസ്ത്രങ്ങളുടെയും, ഗാന്ധിജിയുടെ ജീവചരിത്രം അടങ്ങിയ പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപയുടെ കൈത്തറിയാണ് വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 6.30 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും.

കൂടാതെ സ്വാതന്ത്ര്യ കാലം മുതലുള്ള ഇന്ത്യയിലെ നോട്ടുകളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനവും കോളേജില്‍  ഒരുക്കിയിട്ടുണ്ട്. അരവിന്ദ് കുമാര്‍ പൈ ആണ് 1949 മുതലുള്ള  ഇന്ത്യയിലെ വ്യത്യസ്തമാര്‍ന്ന സ്റ്റാമ്പുകളുടെയും നോട്ടുകളുടെയും പ്രദര്‍ശനം ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരള മീഡിയ അക്കാദമിയുടെയും എസ് എച്ച് കോളേജ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ആര്‍ക്കൈവ്‌സ്  വകുപ്പിന്റെ ചരിത്രരേഖ പ്രദര്‍ശനവും കോളേജില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവിധയിനം പരിപാടികളും കോളേജില്‍ സംഘടിപ്പിച്ചു. ഇംഗ്ലീഷ് മലയാളം കത്ത് രചനാ മത്സരം, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, ചലച്ചിത്രം നിരൂപണം, പ്രശ്‌നോത്തരി, മോണോ ആക്ട്,  കാര്‍ട്ടൂണ്‍ മത്സരം, ഉപന്യാസ രചന മത്സരം,  ഡിബേറ്റ്  എന്നിങ്ങനെ വിവിധയിനം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കേരളത്തിലെ 24 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഇന്ന് രാവിലെ കോളേജ് ഗ്രൗണ്ടില്‍ നിന്നും വൈക്കം ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് 75 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. കൂടാതെ റെയില്‍വേയുമായി സഹകരിച്ച് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ വരെ 5 കിലോമീറ്റര്‍ പരിധിയില്‍ ചെടികള്‍ നട്ടു പിടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച്   സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഒക്‌ടോബര്‍ 2-ന് ഗാന്ധി ചലച്ചിത്രമേള ഉച്ചയ്ക്ക് മൂന്നു മുതല്‍ വൈകീട്ട് 7.30 വരെ നടത്തും.  ചലച്ചിത്ര നിരൂപണം, ക്വിസ്, ദേശഭക്തിഗാനം,  ഗാന്ധി പ്രസംഗം, ഫോട്ടോഗ്രാഫി,  ഷോര്‍ട്ട് ഫിലിം  മത്സരങ്ങളും നടത്തി.

date