Skip to main content

മസ്തിഷ്‌ക്കവികാസത്തകരാറുകള്‍ക്കായി സമഗ്രകേന്ദ്രം ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് എട്ട്) ആരോഗ്യമന്ത്രി നിര്‍വഹിക്കും

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെയും സംയുക്ത സംരംഭമായ മസ്തിഷ്‌കവികാസത്തകരാറുകള്‍ക്കായുള്ള സമഗ്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് എട്ട്) ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിനാണ് ചടങ്ങ്. ഓട്ടിസത്തിന്റെയും, മസ്തിഷ്‌ക്കവികാസവുമായി ബന്ധപ്പെട്ട മറ്റ് വൈകല്യങ്ങളുടെയും ലക്ഷണങ്ങളെ അടിസ്ഥാനമാക്കി തലച്ചോറിനുണ്ടാകുന്ന ക്രമഭംഗത്തിന്റെ നിര്‍ണയം, വിലയിരുത്തല്‍, ചികിത്സ, റിഹാബിലിറ്റേഷന്‍ തുടങ്ങിയവയില്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ന്യൂറോളജിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓകുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘത്തിന്റെ ബഹുമുഖ സേവനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. പ്രത്യേകം ഫിസിയോതെറാപ്പി യൂണിറ്റ്, സെന്‍സറി ഇന്റഗ്രേഷന്‍ യൂണിറ്റ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിഷില്‍ ഒരുക്കിയിട്ടുള്ള സെന്‍സറി മുറികള്‍, സെന്‍സറി പാര്‍ക്ക് തുടങ്ങി ശാസ്ത്രീയമായി രൂപപ്പെടുത്തിയ സ്ഥലത്ത് ഇന്ദ്രിയഗ്രഹണശേഷിയെ ഉണര്‍ത്തുന്നതിനായി ഔട്ട്‌ഡോര്‍ ഗെയിംസിനുള്ള സൗകര്യമുണ്ട്. മസ്തിഷ്‌ക വികാസ തകരാറുള്ള കുട്ടികള്‍ക്ക് പുനരധിവാസ പരിശീലനങ്ങള്‍ നല്‍കാന്‍ ചില കേന്ദ്രങ്ങളുണ്ടെങ്കിലും ബഹുമുഖ ചികിത്സാ ഇടപെടലിനും, പരിശീലനങ്ങള്‍ക്കും നേരത്തെ സൗകര്യങ്ങളില്ലായിരുന്നു. കേരളത്തിലെ പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാശനവും ചടങ്ങില്‍ ആരോഗ്യമന്ത്രി നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ റിപ്പോര്‍ട്ട് കൈമാറും. ആസൂത്രണ ബോര്‍ഡംഗം ഡോ. ബി. ഇഖ്ബാല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഫെഡറല്‍ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസന്‍, ന്യൂറോളജി വിഭാഗം സീനിയര്‍ പ്രൊഫസര്‍ സഞ്ജീവ് വി. തോമസ്, അച്യുതമേനോന്‍ സെന്റര്‍ ഹെഡ് പ്രൊഫ. വി. രാമന്‍കുട്ടി, എമിരറ്റിസ് പ്രൊഫസര്‍ കെ.ആര്‍. തങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.3444/17

date