Skip to main content

പരമ്പരാഗത കൃഷി വിപുലപ്പെടുത്താന്‍  ക്ലസ്റ്ററുകള്‍ രൂപീകരിക്കും : ജില്ലാ കളക്‌ടര്‍

പരമ്പരാഗത കൃഷി വികാസ്‌ യോജന (പി.കെ.വി.വൈ) പദ്ധതി പ്രകാരം ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 2200 ഹെക്‌ടറില്‍ കൃഷി വിപുലപ്പെടുത്തുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി അനുപമ അറിയിച്ചു. ഇതിനായി ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രണ്ടാഴ്‌ചക്കകം യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപരേഖ തയ്യാറാക്കുമെന്നും കളക്‌ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ എ.ഡി.എമാര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കി. കളക്‌ടറുടെ ചേംബറില്‍ നടന്ന പി.കെ.വി.വൈ അവലോകന യോഗത്തിലാണ്‌ നിര്‍ദ്ദേശം. 
വാഴ, നാളികേരം, നെല്ല്‌, അടയ്‌ക്ക, കുരുമുളക്‌, പച്ചക്കറികള്‍ മുതലായവ പദ്ധതിയില്‍ വ്യാപിപ്പിച്ച്‌ കൂടുതല്‍ പരമ്പരാഗത കര്‍ഷകര്‍ക്ക്‌ ഗുണം ലഭിക്കുന്ന തരത്തില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കും. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തിലെ മുള്ളൂര്‍ക്കര, വരവൂര്‍, എരുമപ്പെട്ടി കൃഷിഭവനുകള്‍ക്ക്‌ കീഴില്‍ 60 ഹെക്‌ടറില്‍ മൂന്ന്‌ ക്ലസ്റ്ററുകള്‍ രൂപീകരിച്ച്‌ ചെങ്ങാലിക്കോടന്‍ വാഴകൃഷി പ്രോത്സാഹിപ്പിക്കും. അന്തിക്കാട്‌, ചാവക്കാട്‌, മുല്ലശേരി, പഴയന്നൂര്‍, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നാളികേര കൃഷി വ്യാപകമാക്കും. വെള്ളാങ്കല്ലൂര്‍, അന്തിക്കാട്‌, മാള, ചേര്‍പ്പ്‌ ബ്ലോക്കുകളില്‍ നെല്‍കൃഷിയെ പരിപോഷിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പരമ്പരാഗത നെല്‍കൃഷിയും ഓര്‍ഗാനിക്‌ നെല്‍കൃഷിയും ഇവിടെ സജീവമാക്കുമെന്നും ജില്ലാകളക്‌ടര്‍ അറിയിച്ചു. ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി കൂടി ഉള്‍പ്പെടുത്തണമെന്ന കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ഈ മേഖലയില്‍ പച്ചക്കറി കൃഷിയും കൃഷി ചെയ്യാന്‍ തീരുമാനമായി.
കര്‍ഷകരില്‍ നിന്ന്‌ വിവര ശേഖരണം നടത്തുക, കൃഷിയുമായി ബന്ധപ്പെട്ട്‌ സെമിനാറുകള്‍ സംഘടിപ്പിക്കുക, വെള്ളി, ശനി ദിവസങ്ങളില്‍ ഓര്‍ഗാനിക്‌ ഉല്‍പ്പന്നങ്ങളുടെ വില്‌പന യൂണിറ്റുകള്‍ സജ്ജീകരിക്കുക എന്നിവയും തുടര്‍ ദിവസങ്ങളില്‍ നടപ്പാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി ഡയറക്‌ടര്‍ (എന്‍.ഡബ്ല്യൂ.ഡി.പി.ആര്‍.എ) ശ്രീലത അറിയിച്ചു. വിവിധ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date