Skip to main content

എറണാകുളം അറിയിപ്പുകള്‍1

കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടി

 

കൊച്ചി: 2019 ഓടെ കുഷ്ഠരോഗം നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യവുമായി ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ച കുഷ്ഠരോഗ നിര്‍ണ്ണയ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം ഉള്‍പ്പടെ എട്ട് ജില്ലകളില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം നവംബര്‍ 19 ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേരും.     

 

പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണ പദ്ധതി:  

നിര്‍മ്മാണോദ്ഘാടനം 

 

അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷീകപദ്ധതിയില്‍ അനുവദിച്ചിട്ടുള്ള മൂക്കന്നൂര്‍ഗ്രാമപഞ്ചായത്തിലെ പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ നിര്‍വഹിച്ചു.

നിലവിലുള്ള പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 40 വര്‍ഷത്തെ പഴക്കമുണ്ട്. പഴക്കം മൂലം കുളത്തിന്റെ കെട്ടുകള്‍ ഇടിഞ്ഞ് നിരങ്ങിപോയി. പൈപ്പുകള്‍പൊട്ടി വെള്ളം പാഴായിപോകുന്നു. പമ്പ് സെറ്റ് പ്രവര്‍ത്തനക്ഷമമല്ലാതായി. കുളംകെട്ടി സംരക്ഷിക്കുന്നതിനും പമ്പ് സെറ്റും പൈപ്പുകളും മാറ്റിസ്ഥാപിച്ചു നിലവിലുള്ള സൗകര്യം പൂര്‍ണ്ണമായും നവീകരിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി അനുവദിച്ചിട്ടുള്ളത്. മൂക്കന്നൂര്‍ പഞ്ചായത്ത് 1, 14 വാര്‍ഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി ഉപകരിക്കുമെന്ന് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ടി.എം. വര്‍ഗ്ഗീസ് അറിയിച്ചു. 

 

പദ്ധതിപ്രദേശത്ത് നടന്ന ഉദ്ഘാടനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി,ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്സലന്‍സ്  സെന്റര്‍ കണ്‍വീനര്‍ ടി.എം.വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ബീന ജോണ്‍സണ്‍, സ്ഥിരം സമിതി അദ്ധ്യക്ഷ•ാരായ ഗ്രേസി റാഫേല്‍, കെ.പി.അയ്യപ്പന്‍, കെ.വി.ബിബീഷ്, ലീലാമ്മ പോള്‍,അംഗങ്ങളായ എല്‍സി വര്‍ഗ്ഗീസ്, വി.സി. കുമാരന്‍, എ.സി. പൗലോസ്,എം.പി ഔസേപ്പ്,സ്വപ്ന ജോയി, ഡെയ്സി ഉറുമീസ്, പഞ്ചായത്ത് മുന്‍പ്രസിഡന്റുമാരായ പോള്‍ പി. ജോസഫ്, ഉഷ ആന്റണി, കര്‍ഷക സമിതി ഭാരവാഹികളായ പി.ടി.വര്‍ഗ്ഗീസ്, പി.ഒ. പൗലോസ്, പി.വി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

  

ക്യാപ്ഷന്‍: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മൂക്കന്നൂര്‍ പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.ടി. പോള്‍ നിര്‍വഹിക്കുന്നു.

 

ബ്ലോക്ക് റൈറ്റേഴ്സ് ഫോറം

പ്രതിമാസ സാഹിത്യ കൂട്ടായ്മ നാളെ (17.11.2018 ശനി)

 

അങ്കമാലി: അങ്കമാലി  ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരുടെ പ്രതിമാസ കൂട്ടായ്മ നാളെ  (17112018 ശനി) 3 ന്  ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്സലന്‍സ് സെന്ററില്‍ നടക്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും.   സാജു ചാക്കോ രചിച്ച വൃക്ക സ്തംതഭനവും ഡയാലിലീസും എന്ന പുസ്തകത്തെക്കുറിച്ച്  തങ്കച്ചന്‍ വെമ്പിളിയത്ത് ആസ്വാദനം നടത്തും.  മഹാപ്രളയവുമായി ബന്ധപ്പെട്ട് ചരിത്രമൂല്യമുള്ള സംഭവങ്ങളെ ആസ്പദമാക്കിയുള്ള കവിതകളും മിനി കഥകളും എഴുത്തുകാര്‍ അവതരിപ്പിക്കും.

അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി, മലയാറ്റൂര്‍, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ള എഴുത്തുകാരുടേയും കലാകാരന്മാരുടേയും കൂട്ടായ്മയാണ്  ബ്ലോക്ക് റൈറ്റേഴ്സ് ഫോറം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9447910503 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

 

പറവൂരില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 

232.10 ലക്ഷം രൂപ അനുവദിച്ചു

 

കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 232.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശന്‍ എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഓരോ പ്രദേശത്തെയും ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജോലികള്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.

 

അണ്ടിപ്പിള്ളിക്കാവ്-വടക്കുംപുറം റോഡ് (15 ലക്ഷം), പറവൂര്‍ നിരത്ത് വിഭാഗം സെക്ഷന്‍ റോഡുകളില്‍ കവര്‍ സ്ലാബ് ഇടുന്നതിനായി 10 ലക്ഷം, തട്ടുകടവ്- ചേന്ദമംഗലം റോഡ് (10 ലക്ഷം), മൂത്തകുന്നം-മുനമ്പം റോഡ് (20 ലക്ഷം), പറവൂര്‍ -ചെറായി റോഡ് (25 ലക്ഷം), പറവൂര്‍ -ചേന്ദമംഗലം റോഡ് ഫസ്റ്റ്  സെക്ഷന്‍ റോഡിലും ആറങ്കാവ് കരിമ്പാടം റോഡിലും 20 ലക്ഷം, ചേന്ദമംഗലം സെക്കന്‍ഡ് സെക്ഷന്‍ റോഡ് (10 ലക്ഷം), അയിരൂര്‍ -തുരുത്തിപ്പുറം റോഡ് (10 ലക്ഷം), പെരുവാരം 15 കിലോമീറ്റര്‍ എ.പി റോഡ് മുതല്‍ ചേന്ദമംഗലം റോഡ് വരെ (ചേന്ദമംഗലം കവല എന്‍എസ്എസ് തുടങ്ങി വടക്കോട്ട് ) 10 ലക്ഷം, എന്നിവിടങ്ങളില്‍ കാന പണിയുന്നതിനും ആവശ്യമുള്ള സ്ഥലങ്ങളില്‍ കവര്‍ സ്ലാബ് ഇടുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.

 

പറവൂര്‍ -ചാത്തനാട് റോഡ് (25 ലക്ഷം), പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷന്‍ മുതല്‍ കൊച്ചിന്‍ സ്റ്റേറ്റ് ഫ്രണ്ടിയര്‍ റോഡ് വരെ (20 ലക്ഷം), വരാപ്പുഴ-കടമക്കുടി റോഡ് (12 ലക്ഷം) എന്നിവിടങ്ങളില്‍ സംരക്ഷണ ഭിത്തിയും കാനയും നിര്‍മിക്കാനാണ് പദ്ധതി. പുതുശ്ശേരി സ്ലൂയിസ് കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പറവൂര്‍ ചക്കരക്കടവ് റോഡിലെ എട്ടിയോടം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി 5.10 ലക്ഷം രൂപയും അനുവദിച്ചു. വഴിക്കുളങ്ങര-അത്താണി ക്ഷേമോദയം റോഡിലെ കേടുവന്ന കലുങ്ക് പൊളിച്ചു പണിയുന്നതിനായി 25 ലക്ഷം രൂപയും, പറവൂര്‍ നിരത്ത് വിഭാഗം സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള റോഡുകളിലും പറവൂര്‍ ചക്കരക്കടവ് റോഡിലും ചേന്ദമംഗലം പഴയ പാലത്തിന്റെ വടക്കേ അപ്രോച്ച് റോഡിലും ടാര്‍ ഉപയോഗിച്ച് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

 

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലകര്‍ക്ക് ബോധവത്കരണ ക്ലാസ്

 

കൊച്ചി: ജില്ലാ ഭരണകൂടം, മഹാരാജാസ് കോളേജ്, തിരുവനന്തപുരം കേരള സിവില്‍ സര്‍വ്വീസ് അക്കാദമി എന്നീ അക്കാദമിക സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൊച്ചി ബി.പി.സി.എല്ലിന്റെ സാമ്പത്തിക സഹായത്തോടെ കോളേജ് കാമ്പസില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കുമുള്ള ഏകദിന ബോധവത്കരണ ക്ലാസ് മഹാരാജാസ് കോളേജ് മലയാളം ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍ പി. അനിത ദമയന്തി മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി ബിപിസില്‍ മാനേജര്‍ വിനീത് വര്‍ഗ്ഗീസ് ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ നോബിള്‍ സ്വാഗതവും മുന്‍ എഡിഎമ്മും ജനറല്‍ കോ-ഓര്‍ഡിനേറ്ററുമായ സി.കെ. പ്രകാശ് നന്ദിയും പറഞ്ഞു.

 

ക്യാപ്ഷന്‍: സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കുമുള്ള ഏകദിന ബോധവത്കരണ ക്ലാസ് മഹാരാജാസ് കോളേജ് മലയാളം ഹാളില്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്യുന്നു.

 

വാഹന ലേലം

 

കൊച്ചി: എറണാകുളം എക്‌സൈസ്  ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ രണ്ട് കാര്‍, രണ്ട് ഓട്ടോറിക്ഷ, ഒമ്പത് -ഇരുചക്രവാഹനങ്ങള്‍, ഒരു പിക്അപ് വാന്‍, ഒരു മിനിട്രക്ക് എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 23-ന് രാവിലെ 11-ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786848.

 

കുട്ടികളിലെ വൈകിയുള്ള ബൗദ്ധിക, ശാരീരിക വളര്‍ച്ച:'

നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച

 

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് വെബിനാറിന്റെ ഭാഗമായി നവംബര്‍ 17 ശനിയാഴ്ച 'കുട്ടികളിലെ

വൈകിയുള്ള ബൗദ്ധിക ശാരീരികവളര്‍ച്ച' (ഗ്ലോബല്‍ ഡെവലപ്‌മെന്റിലെ) എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ആക്കുളം നിഷ് ക്യാമ്പസില്‍ നടക്കുന്നു.

 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തത്സമയ സംപ്രേഷണത്തോടെ നടക്കുന്ന വെബിനാറിന് നിഷ് ന്യൂറോഡവലപ്‌മെന്റല്‍ സയന്‍സ് വിഭാഗത്തിലെ സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് അശ്വതി എ.കെ. നേതൃത്വം നല്‍കും.  കുട്ടികളിലെ വൈകിയുള്ള ബൗദ്ധിക ശാരീരിക വളര്‍ച്ച, ബന്ധപ്പെട്ട കാരണങ്ങള്‍, നേരത്തെ കണ്ടുപിടിക്കേണ്ടതിന്റേയും ഇടപെടലുകള്‍ നടത്തേണ്ടതിന്റെയും ആവശ്യകത, പരിപാലനവും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://nidas.nish.ac.in/be-a-participant/എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. 

എല്ലാ ജില്ലകളിലെയും ഡിസിപിയു ഓഫീസുകളില്‍ ഇത് തത്സമയം സംപ്രേഷണം ചെയ്യും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനൊപ്പം ലാപ്‌ടോപ്, പിസി, മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ് എന്നിവയിലേതെങ്കിലുമുള്ളവര്‍ക്ക് വീട്ടിലിരുന്നും പങ്കെടുക്കാം. വെബ്ക്യാമും മൈക്കും അഭികാമ്യം. നിഷില്‍ നേരിട്ടെത്തി പങ്കെടുക്കുന്നതിന് 0471 3066675 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/.

 

റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

 

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.

റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുണ്ട്. ജാതി, ജനന തീയതിക്ക വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ക്കിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 26 വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

കൊച്ചി: സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷ പദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമനിധി പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി, ബാര്‍ബര്‍ തൊഴിലാളി ക്ഷേമനിധി എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ് പെന്‍ഷന്‍/അവശത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പരും സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ ക്ഷേമ പദ്ധതിയുടെ അതത് ജില്ലാ ഓഫീസുകളില്‍ ലഭ്യമാക്കണം.

 

ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാര്‍ക്ക്

സ്‌കൈപ്പ് ഇന്റര്‍വ്യൂ

 

കൊച്ചി: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 21-ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കുക. ഫോണ്‍:  0471-2329440/41/42/43/45.

date