Skip to main content

പ്രളയബാധിത വ്യവസായങ്ങള്‍ക്ക് കൈത്താങ്ങായി  പുനര്‍ജനി പദ്ധതി: മന്ത്രി ഇ.പി. ജയരാജന്‍

 

പ്രളയബാധിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) പുനര്‍ജനി എന്ന പ്രത്യേക വായ്പാ പദ്ധതി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍  പ്രഖ്യാപിച്ചു.  പദ്ധതി പ്രകാരം പ്രളയബാധിത ജില്ലകളിലും വില്ലേജുകളിലും ഹൃസ്വകാല വായ്പകള്‍, പതിവു കാലാവധി വായ്പകള്‍, കെ.എസ്.ഐ.ഡി.സി യുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി അധിക പിന്തുണാ പദ്ധതി, കാലാവധി വായ്പകള്‍ക്ക് സംസ്ഥാനം മുഴുവന്‍ ബാധകമായ പ്രത്യേക പദ്ധതി എന്നിവയാണു ലഭിക്കുക.

ഒന്‍പത് ശതമാനം പലിശ നിരക്കില്‍ മൂന്നു കോടി രൂപ വരെയാവും ഹൃസ്വകാല വായ്പയായി നല്‍കുക.  നിലവിലുള്ള പലിശ നിരക്കില്‍ (ഫ്‌ളോട്ടിംഗ്) നിന്ന് 2.75 ശതമാനം വരെ ഇളവിലാകും വായ്പ നല്‍കുന്നത്.  വായ്പ ലഭിച്ച് ഒന്‍പതു മാസത്തിനു ശേഷമാവും തിരിച്ചടവു തുടങ്ങുക.  വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കു മാത്രം ലഭിച്ചിരുന്ന വായ്പാ സൗകര്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ നടത്തുന്ന വ്യവസായ സംരംഭങ്ങള്‍ക്കും ലഭ്യമാവും.  കുറഞ്ഞ വായ്പ പരിധി 50 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറച്ചിട്ടുണ്ട്.  ഹൃസ്വകാല വായ്പാ തിരിച്ചടവു കാലാവധി ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി ഉയര്‍ത്തി.  ജാമ്യവ്യവസ്ഥ ഉദാരമാക്കല്‍, പ്രോസസ്സിങ് ഫീസ് ഒഴിവാക്കല്‍ എന്നിവയടക്കമുള്ള ആനുകൂല്യങ്ങളോടെ 2019 മാര്‍ച്ച് 31 വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും.  പുതിയ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും 2020 സെപ്റ്റംബര്‍ 30 വരെ പലിശ നിരക്കില്‍ വര്‍ധനവുണ്ടാവില്ല.  റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറക്കുകയാണെങ്കില്‍ അതിന്റെ ആനുകൂല്യവും ലഭിക്കും.

പ്രളയബാധിത പ്രദേശങ്ങള്‍ക്കായുള്ള നിശ്ചിതകാല വായ്പാ പദ്ധതിയില്‍ പലിശ നിരക്കില്‍ (ഫ്‌ളോട്ടിംഗ്) ഒരു ശതമാനം വരെ ഇളവ് നല്‍കും.  നിലവിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 9.75 ശതമാനത്തില്‍ കുറയാത്തവിധം ഇത് നടപ്പാക്കും.  വായ്പയുടെ ആദ്യ ഗഡു മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഈ നിരക്ക് നിലവിലുണ്ടാകും.  2019 സെപ്തംബര്‍ 30 വരെയാവും പദ്ധതിയുണ്ടാവുക.

 

സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഹൃസ്വകാല വായ്പ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.  പ്രളയബാധിത പ്രദേശത്ത് കെ.എസ്.ഐ.ഡി.സി യുടെ നിലവിലെ സംരംഭകര്‍ക്ക് വായ്പാ തിരിച്ചടവിനു കൂടുതല്‍ സമയം നല്‍കും.  അടച്ചു തീര്‍ക്കാനുള്ള പലിശ ഘട്ടംഘട്ടമായി കുറഞ്ഞ പലിശ നിരക്കില്‍ (ഒന്‍പതു ശതമാനം) അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കും.  ഇവയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കും.  2019 മാര്‍ച്ച് 31 വരെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ആവശ്യകത വിലയിരുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.  പ്രളയബാധിത പ്രദേശങ്ങളിലെ വ്യവസായ സംരംഭങ്ങള്‍ മാറ്റിസ്ഥാപിക്കുവാനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും കെ.എസ്.ഐ.ഡി.സി യുടെ അടക്കമുള്ള വ്യവസായ പാര്‍ക്കുകളില്‍ മുന്‍ഗണന നല്‍കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

    പി.എന്‍.എക്സ്. 5089/18

date