Skip to main content

കേരളം കുതിക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ - മുഖ്യമന്ത്രി പിണറായി വിജയൻ

 

* നിസാൻ ഡിജിറ്റൽ ഹബിന്റെ ഉദ്ഘാടനം നിർവഹിച്ചു

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാനുള്ള കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിസാൻ ഡിജിറ്റൽ ഹബിന്റെ ഉദ്ഘാടനം ടെക്‌നോപാർക്ക് ഫേസ് 3 യിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡിജിറ്റൽ ലോകത്ത് അതിന്റെ ഗുണഫലങ്ങൾ നേടാൻ ഇൻറർനെറ്റില്ലാതെ സാധിക്കാത്തതിനാൽ എല്ലാവർക്കും ഇൻറർനെറ്റിനുള്ള അവകാശം പ്രഖ്യാപിച്ച സർക്കാരാണിത്. 

ലോകത്തെ തന്നെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ പ്രധാനകേന്ദ്രമാകുന്ന നിലയിലാണ് കേരളത്തിലെ ഡിജിറ്റൽ സാമൂഹ്യാന്തരീക്ഷം മാറുന്നതിന്റെ തെളിവാണ് നിസാൻ ഡിജിറ്റൽ ഹബ്. ലോകത്തെ തന്നെ അവരുടെ ആദ്യ ഡിജിറ്റൽ ഹബ് ഇവിടെ യാഥാർഥ്യമാകുന്നത് കേരളത്തിലെ ഐ.ടി സൗഹൃദ അന്തരീക്ഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 

ഡിജിറ്റൽ സാങ്കേതികരംഗത്ത് നിസാൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കൊപ്പം കേരളം ഉണ്ടാകും.  നൈപുണ്യമുള്ള മനുഷ്യശേഷി ധാരാളമുള്ള നാടാണ് കേരളം. സാമൂഹ്യമാറ്റത്തിനും പുരോഗതിക്കും ഈ കഴിവുകളും സാങ്കേതികത നൽകുന്ന അവസരങ്ങളും സമന്വയിപ്പിക്കാൻ കേരളം തയാറാണ്. 

മനുഷ്യനും സാങ്കേതികവിദ്യക്കും ഒരുമിച്ച് നീങ്ങാനാകുന്ന മികച്ച അവസരങ്ങൾ തുറക്കാനാണ് സർക്കാരിന്റെ ശ്രമങ്ങൾ. െഎ.ടി രംഗത്ത് പ്രത്യേകശ്രദ്ധനൽകുന്നതും സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നതും ഇതിനാണ്. 

കേരളത്തിലെ ഐ.ടി പാർക്കുകളുടെ ശേഷി 10 മില്യൺ ചതുരശ്രഅടിയായി ഉയർത്തണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം. രണ്ടുവർഷത്തിനുള്ളിൽ ഇതിനകം നാലര മില്യൺ സ്‌ക്വയർഫീറ്റ് എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. നിസാൻ ഉൾപ്പെടെയുള്ള ആഗോള ഐ.ടി ഭീമൻമാർ എത്തുന്നത് ഈ ലക്ഷ്യം വേഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ ഇന്ത്യയിലെ ജാപ്പനീസ് അമ്പാസഡർ കെഞ്ചി ഹിരാമത്‌സു മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി കെ.ജെ. അൽഫോൺസ്, ഡോ. ശശി തരൂർ എം.പി, നിസാൻ കോർപറേറ്റ് വൈസ് പ്രസിഡൻറ് ടോണി തോമസ് എന്നിവർ സംബന്ധിച്ചു. 350 ജീവനക്കാരുമായാണ് ഡിജിറ്റൽ ഹബ് പ്രവർത്തനം തുടങ്ങുന്നത്. ഈ സാമ്പത്തികവർഷം തന്നെ ഇത് 500 ജീവനക്കാരാകും.

പി.എൻ.എക്സ്. 5461/18

date