Skip to main content

വനിതാ മതിലിന് പിന്തുണയുമായി പ്രമുഖർ, സ്ത്രീ പുരുഷ സമത്വത്തിനായി അണിനിരക്കണം

 

സ്ത്രീ, പുരുഷ സമത്വത്തിനുള്ള പ്രവർത്തനം ശക്തമാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരി ഒന്നിലെ വനിതാ മതിലിന് ശക്തമായ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ രംഗത്തെത്തി.

ചരിത്രകാരൻ എം. ജി. എസ് നാരായണൻ, ഡോ. കെ. പി. മോഹനൻ, കെ. അജിത, സി. എസ്. ചന്ദ്രിക, എസ്. ശാരദക്കുട്ടി, തനൂജ എസ്. ഭട്ടതിരി, ഇന്ദു മേനോൻ എന്നിവരാണ് വനിതാ മതിലിന് പിന്തുണ അറിയിച്ചത്.

സവർണ വിഭാഗങ്ങളെക്കാൾ താഴ്ന്ന വിഭാഗങ്ങളിലാണ് പണ്ടു മുതൽ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടായിരുന്നതെന്ന് എം. ജി. എസ്. നാരായണൻ പറഞ്ഞു. ഇരുകൂട്ടരും ജോലി ചെയ്തിരുന്നു. പല ന്യായങ്ങൾ പറഞ്ഞ് പഴയകാലത്തിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യ മതേതര സമീപനങ്ങളെ പിന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കണം. ആ എതിർപ്പ് കുറച്ചുകാലം കഠിനമായി നിലനിർത്തേണ്ടിവരും. അതിനായി എല്ലാവരും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്തിയുടെയും ചിന്തയുടെയും പൗരാവകാശത്തിന്റേയും സഞ്ചയമാണ് വനിതാ മതിലെന്ന് സി. എസ്. ചന്ദ്രിക പറഞ്ഞു. സ്ത്രീകൾ തീർക്കുന്ന പ്രതിരോധത്തിന്റെ കോട്ട കൂടിയാണത്. വിള്ളലില്ലാത്ത വിധം തീർക്കുന്ന കോട്ടയായാണ് ഇതിനെ കാണേണ്ടത്. ഞാൻ ഈ മതിലിന്റെ ഭാഗമാകാൻ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ പക്ഷത്തു നിന്നുള്ള സ്വയം നിർണയാവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രത്യേകിച്ച് കാളിക്കുട്ടി, പാർവതി അയ്യപ്പൻ തുടങ്ങിയവർ ഉന്നയിച്ചത്. ആ ധാരയെയാണ് വനിതാ മതിലിലൂടെ നാം ഉയർത്തിപ്പിടിക്കേണ്ടതെന്ന് സി. എസ്. ചന്ദ്രിക അഭിപ്രായപ്പെട്ടു.

സ്ത്രീകളെ ചൂഷണങ്ങളിൽ നിന്ന് ഒഴിവാക്കി തുല്യത ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഡോ. കെ. പി. മോഹനൻ അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും ഒന്നിച്ചു മുന്നേറിയാൽ മാത്രമേ നാട് മുന്നോട്ടു പോകൂ. സ്ത്രീയ്ക്ക് ലിംഗസമത്വം ലഭിക്കുന്ന കാലത്തു മാത്രമേ തുല്യത എന്ന ആശയം പ്രാവർത്തികമാകൂയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ലിംഗപദവി ഉയർത്തുക, ലിംഗനീതി ഉറപ്പാക്കുക എന്നിവ ഏറ്റെടുക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്നെ ഇതിൽ മുന്നോട്ടു വന്നത് പോസീറ്റീവായ നടപടിയാണെന്നും കെ. അജിത പറഞ്ഞു.

കീഴാള സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സമരത്തെതുടർന്നാണ് സവർണ സ്ത്രീകളും തെരുവിൽ ഇറങ്ങാൻ അവകാശം നേടിയതെന്ന് എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഇന്ന് ഉണ്ടാവുന്ന പ്രതിരോധത്തിന്റെ ഗുണഭോക്താക്കൾ ഇപ്പോൾ പുറംതിരിഞ്ഞു നിൽക്കുന്ന സ്ത്രീകൾ കൂടിയായിരിക്കും. ഇതിനായി മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്ന നടപടികൾക്കൊപ്പമുണ്ടാവും. ഇതിൽ സ്ത്രീ വിരുദ്ധ ആശയമോ ജാതീയമായ ആശയമോ കലരാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും എസ്. ശാരദക്കുട്ടി പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തും നവോത്ഥാന കാലത്തും എല്ലാ എതിർപ്പിനെയും അവഗണിച്ചു മുന്നോട്ടു വന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ടെന്ന് തനൂജ എസ്. ഭട്ടതിരി പറഞ്ഞു. കാലത്തെ പുറകിലേക്ക് വലിക്കുന്ന ഒരു ദൗത്യത്തിലാണ് ഇപ്പോൾ ചിലർ ഏർപ്പെട്ടിരിക്കുന്നത്. അത് തെറ്റോ ശരിയോ എന്ന് ചിന്തിച്ച് ഒരു സ്ത്രീ പ്രവർത്തിച്ചാൽ കൂടെക്കൂടുന്നത് ആയിരങ്ങളാണ്. അങ്ങനെ ഒരു മുന്നേറ്റം കൊണ്ടുവരേണ്ട കാലത്താണ് നാമിപ്പോൾ. സമൂഹത്തിലെ അനീതികൾക്കെതിരെ പ്രവർത്തിച്ചവരെ ഓർത്തുകൊണ്ടു വേണം നാം വനിതാ മതിലിൽ അണിനിരക്കേണ്ടത്. ഈ മതിൽ സ്ത്രീകളുടെ കൂട്ടായ്മയാണ്. അനീതികളെയും അനാചാരങ്ങളെയും തകർക്കാനുള്ള മതിലാണിതെന്നും തനൂജ പറഞ്ഞു. സ്വയം പ്രകാശിച്ച് ആ പ്രകാശം എത്രത്തോളം പരത്താൻ കഴിയുമെന്നതിനുള്ള ശ്രമമാണ് വനിതാ മതിലിലൂടെ സംഭവിക്കുന്നതെന്ന് എഴുത്തുകാരി ഇന്ദു മേനോൻ അഭിപ്രായപ്പെട്ടു.

പി.എൻ.എക്സ്. 5555/18

date