Skip to main content

ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം; ലക്ഷ്യം മത്സ്യമേഖലയുടെ സമഗ്ര വികസനവും കരുതലും: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

 

മത്സ്യമേഖലയിലെ  പ്രശ്‌നങ്ങൾ ഗൗരവമായി ചർച്ച ചെയ്ത് സമഗ്ര വികസനവും കരുതലും ലക്ഷ്യമിട്ട് രൂപീകരിച്ച ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഫിഷറീസ്- ഹാർബർ എൻജിനീയറിംഗ്- കശുവണ്ടി വ്യവസായമന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.  

മത്സ്യകൃഷിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ച് ഉത്പാദന ക്ഷമത വർദ്ധിപ്പിക്കൽ, മൂല്യവർദ്ധിതവിഭവങ്ങളുടെ ലഭ്യത, ആളോഹരി വരുമാനം ഇരട്ടിയാക്കൽ  എന്നിവയൊക്കെ ലക്ഷ്യം വച്ചാണ് നയം രൂപീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നിർബന്ധമായും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും,  ജലജീവികളുടെ പരിപാലനവും സംരക്ഷണവും പാലിക്കുന്നതിനുമുള്ള  നടപടികളാണ് നയത്തിലുള്ളത്.  

മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി അവ  വില്പന നടത്തുന്നതിനുമുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം നയം ഉറപ്പാക്കും. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തും. മത്സ്യത്തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ ഓരോ മത്സ്യഗ്രാമത്തിലും ഒരു മത്സ്യത്തൊഴിലാളി സഹകരണ സംഘമെങ്കിലും ഉറപ്പാക്കും. 

തൊഴിൽ ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും നിലവിലുള്ള ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും നയം വ്യവസ്ഥ ചെയ്യുന്നു.  നിലവിലെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കും. വിദേശ ട്രോളറുകളുടെയും, കോർപ്പറേറ്റ് യാനങ്ങളുടെയും ഇന്ത്യൻ സമുദ്രാതിർത്തിയിലേക്കുള്ള പ്രവേശനം തടയുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും. 

മത്സ്യയാനങ്ങളുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയ്ക്ക് സ്വന്തമാക്കാവുന്ന ലൈസൻസുകളുടെ എണ്ണം നിജപ്പെടുത്തും. നശീകരണ മത്സ്യബന്ധന രീതികൾക്കെതിരെ നടപടികൾ ഉണ്ടാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും സഹകരണ സംഘങ്ങൾക്കും ആവശ്യമായ പരിശീലനം നൽകും.  

ഗ്രീൻ ഫിഷറീസ് പദ്ധതിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി മത്സ്യ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ ഗ്രാമ-ജില്ലാ സംസ്ഥാന തലങ്ങളിൽ രൂപീകരിക്കും. 

ദുരന്തനിവാരണ ഇടപെടലിന്റെ ഭാഗമായി  സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കും.  കടൽ രക്ഷാപ്രവർത്തനത്തിന് നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസിജിയേഴ്‌സ് കാലോചിതമായി പരിഷ്‌കരിക്കും. മറൈൻ ആംബുലൻസ് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കും. യാനങ്ങളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള  സംവിധാനം നിർബന്ധമാക്കും. കടലിൽ പോകുന്ന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും  വിശദ വിവരം ശേഖരിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും. 

ലാന്റിംഗ് സെന്റർ, ഹാർബർ, മാർക്കറ്റ്, മത്സ്യയിനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി മത്സ്യത്തിന് തറവില നിശ്ചയിക്കും. മത്സ്യബന്ധന മേഖലയിലെ വിനോദ സഞ്ചാര സാധ്യതകളുപയോഗിച്ച് മത്സ്യത്തൊഴിലാളികൾ മുഖേന ഉത്തരവാദിത്വ ഫിഷറീസ് ടൂറിസം നടപ്പാക്കും. 

പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ജലകൃഷിയിലെ നൂതന സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തും. ഇതിന്റെ ഭാഗമായി അയിരംതെങ്ങിൽ ഓര് ജല മത്സ്യകൃഷി വികസന കേന്ദ്രവും നെയ്യാറിൽ ശുദ്ധജല മത്സ്യകൃഷി വികസന കേന്ദ്രവും സ്ഥാപിക്കും. മത്സ്യകൃഷി മേഖലയിൽ ജനകീയ പങ്കാളിത്തം നടപ്പാക്കും. അലങ്കാര മത്സ്യവ്യാപാരത്തിന്റെ പ്രമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. 

വിപണന മാർക്കറ്റിംഗ് സംവിധാനം കാലോചിതമായി ആരംഭിക്കും. ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം ലഭിക്കുന്നതിന് ശീതീകരണ സംവിധാനം കൊണ്ടുവരും. 

മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ സ്ത്രീസൗഹൃദ മത്സ്യമാർക്കറ്റുകൾ നിലവിൽ വരും. മൂല്യവർദ്ധിത മത്സ്യഉത്പന്നങ്ങൾ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, എന്നീ പേരുകളിൽ മാർക്കറ്റിൽ ലഭ്യമാകും. 

മത്സ്യത്തൊഴിലാളി വികസനത്തിനായി സമഗ്ര പദ്ധതികൾ നടപ്പാക്കും.  മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണത്തിനായി നിയമം ഫലപ്രദമാക്കും. സജീവ മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പാ വിതരണം ആരംഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കി വിവിധ പരിപാടികൾ നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമം നടപ്പാക്കും.  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവജനങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകി ഉപജീവന മാർഗ്ഗം കണ്ടെത്തി നടപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ ദിനങ്ങളിലെ കുറവ് പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ഉറപ്പാക്കും. ഫിഷറീസ് ബിരുദ കോഴ്‌സുകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വൊക്കെഷണൽ ഹയർ സെക്കൻഡറി (ഫിഷറീസ്)  വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. എല്ലാ മത്സ്യഗ്രാമങ്ങളിലും കുടിവെള്ളം ലഭ്യത ഉറപ്പാക്കും.  മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത വാസം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പി.എൻ.എക്സ്. 91/19

date