Skip to main content

മാന്ദാമംഗലം പള്ളി തര്‍ക്കം :  ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ചാല്‍ നിയമ നടപടി  - ജില്ലാകളക്‌ടര്‍

മാന്ദാമംഗലം സെന്റ്‌മേരീസ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെയും സംഘര്‍ഷാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ്‌ ലംഘിക്കുന്ന നടപടികള്‍ ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി അനുപമ വ്യക്തമാക്കി. ലോ ആന്റ്‌ ഓര്‍ഡര്‍ വയലേഷന്‍ പ്രകാരമാണ്‌ ഇത്തരം സാഹചര്യങ്ങളില്‍ നടപടിയെന്ന്‌ അവര്‍ പറഞ്ഞു. ഇരുവിഭാഗക്കാരെയും പ്രത്യേകം വിളിച്ച്‌ കളക്‌ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ജില്ലാ കളക്‌ടര്‍ ഇക്കാര്യം അറിയിച്ചത്‌.
പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ കളക്‌ടറുടെ നിര്‍ദേശ പ്രകാരം ചര്‍ച്ച നടക്കുന്നതിനിടെ പുറത്തിറങ്ങി. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗം വിശ്വാസികളില്‍ നിന്നും തുടര്‍ ദിവസങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവില്ലെന്ന്‌ ഇരുവിഭാഗം പ്രതിനിധികളും ജില്ലാകളക്‌ടര്‍ മുന്‍പാകെ ഒപ്പു വച്ചു. 
ഹൈക്കോടതി വിധി അനുസരിച്ച്‌, ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചും ഞായറാഴ്‌ചയിലെ (ജനുവരി 20) ആരാധന സംബന്ധിച്ചുമുള്ള തീരുമാനം യാക്കോബായ വിഭാഗം ഇന്ന്‌ (ജനുവരി 19) 2 മണിക്ക്‌ മുന്‍പ്‌ കളക്‌ടറെ രേഖാമൂലം അറിയിക്കും. ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീല്‍ കേസില്‍ തീരുമാനം ആകുന്നതുവരെ പള്ളിയിലോ പള്ളിയുടെ പരിസരങ്ങളിലോ ഓര്‍ത്തഡോക്‌സ്‌ വിഭാഗം വിശ്വാസികള്‍ പ്രവേശിക്കുകയില്ലെന്നും പ്രതിനിധികള്‍ ജില്ലാകളക്‌ടറെ അറിയിച്ചു. 
യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര, സീനിയര്‍ ഗവ. പ്ലീഡര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date