Skip to main content

പട്ടയവിതരണം :  കൂടുതല്‍ പുറമ്പോക്ക്‌ പട്ടയവും 

കാണക്കുടിയായ്‌മ അവസാനിപ്പിക്കലും കുന്നംകുളത്ത്‌
ജില്ലയില്‍ തിങ്കളാഴ്‌ച (ജനുവരി 21) നടക്കുന്ന പട്ടയ വിതരണത്തില്‍ നഗരസഭകളില്‍ വച്ച്‌ കൂടുതല്‍ പുറമ്പോക്ക്‌ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്‌ കുന്നംകുളം മുനിസിപ്പാലിറ്റിയില്‍. താലൂക്ക്‌ അടിസ്ഥാനത്തില്‍ കാണക്കുടിയായ്‌മ നിര്‍ത്തല്‍ ഉത്തരവ്‌ കൂടുതലുള്ളതും കുന്നംകുളം താലൂക്കിലാണ്‌. 3000 കാണക്കുടിയായ്‌മ നിര്‍ത്തല്‍ ഉത്തരവാണ്‌ കുന്നംകുളത്തുള്ളത്‌. തലപ്പിള്ളി താലൂക്കില്‍ 1500, തൃശൂര്‍ താലൂക്കില്‍ 1500 എന്നിങ്ങനെയും കാണക്കുടിയായ്‌മ നിര്‍ത്തല്‍ ഉത്തരവുണ്ട്‌.
പട്ടയമേളയില്‍ കുന്നംകുളം നഗരസഭയിലെ 56 പുറമ്പോക്ക്‌ പട്ടയങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. ഇരിങ്ങാലക്കുട 7, മുകുന്ദപുരം താലൂക്കില്‍ 6, തൃശൂര്‍ കോര്‍പ്പറേഷന്‍ - 3, കൊടുങ്ങല്ലൂര്‍ താലൂക്ക്‌ -1, തലപ്പിള്ളി താലൂക്ക്‌ - 3, ചാലക്കുടി - 16 എന്നിങ്ങനെയാണ്‌ പുറമ്പോക്ക്‌ പട്ടയങ്ങള്‍ വിതരണം ചെയ്യുക. ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ, അതത്‌ തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസില്‍ദാര്‍മാര്‍ എന്നിവരാണ്‌ പുറമ്പോക്ക്‌ പട്ടയങ്ങള്‍ വിതരണം ചെയ്യുക. തലപ്പിള്ളി താലൂക്കില്‍ 2 മിച്ചഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യും. ചാവക്കാട്‌ താലൂക്കില്‍ 5 ഇനാം പട്ടയങ്ങളും 51 സുനാമി പട്ടയങ്ങളും വിതരണം ചെയ്യും. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 38 സുനാമി പട്ടയങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌.
പട്ടയവിതരണവുമായി ബന്ധപ്പെട്ട്‌ കളക്‌ടറേറ്റ്‌, അതത്‌ താലൂക്കുകള്‍ എന്നിവിടങ്ങളില്‍ പട്ടയങ്ങളില്‍ ഫോട്ടോ പതിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ താലൂക്ക്‌ ആസ്ഥാനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ പട്ടയവിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകളും ജില്ലാകളക്‌ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്‌. 

date