Skip to main content

നവകേരളത്തിന്‌ പുതിയ ഭവന സാക്ഷരത :  ഏകദിന ശില്‍പശാല 21 ന്‌

ഭവന നിര്‍മ്മാണ വകുപ്പും തൃശൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിങ്ങ്‌ കോളേജും ജില്ലാ നിര്‍മ്മിതി കേന്ദ്രവും സംയുക്തമായി നവകേരളത്തിന്‌ പുതിയ ഭവന സാക്ഷരത എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല ജനുവരി 21 രാവിലെ 10 ന്‌ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ്‌ എഞ്ചിനീയറിങ്ങ്‌ കോളേജ്‌ ആര്‍ക്കിടെക്‌ചര്‍ വകുപ്പ്‌ മേധാവി ഡോ. രഞ്‌ജിനി ഭട്ടതിരിപ്പാട്‌ ശില്‍പശാലാമുഖം അവതരണം നടത്തും. സി എന്‍ ജയദേവന്‍ എം പി, മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ കെ മഹേഷ്‌, കെ എസ്‌ എച്ച്‌ ബി ചീഫ്‌ റവന്യൂ ഓഫീസര്‍ ഷിബു അബ്‌ദുള്‍ മജീദ്‌, എഞ്ചിനീയറിങ്ങ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ബി ജയാനന്ദ്‌ എന്നിവര്‍ ആശംസ നേരും. ശില്‍പശാലയുടെ ഭാഗമായി രാവിലെ 11 മുതല്‍ വിവിധ സെമിനാറുകള്‍ നടത്തും. നിര്‍മ്മതി കേന്ദ്രം സോണ്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. വി കെ ലക്ഷ്‌മണന്‍ നായര്‍ പ്രളയാനന്തര കേരളവും ഭവന നിര്‍മ്മാണത്തിലെ പുതുരീതികളും എന്ന വിഷയത്തിലും കണ്‍സള്‍ട്ടന്റ്‌ ഡോ. ബെന്നി കുര്യാക്കോസ്‌ പ്രളയാനന്തര കേരളത്തിലെ നിര്‍മ്മാണങ്ങള്‍-പുതിയ മാനങ്ങള്‍ എന്ന വിഷയത്തിലും കുസാറ്റ്‌ സിവില്‍ വകുപ്പ്‌ മേധാവി ഡോ. ദീപ ജി നായര്‍ ഹരിത ഭവനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിലും ഐആര്‍ടിസി ഡയറക്‌ടര്‍ പ്രകൃതി ദുരനന്തമേഖലയിലെ നിര്‍മ്മാണങ്ങള്‍ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലും ഡി ഡി ആര്‍ക്കിടെക്‌റ്റ്‌സ്‌ ഡയറക്‌ടര്‍ ഡോ. എസ്‌ ശ്രീകുമാര്‍ പൈതൃക ഭവനങ്ങളും പരിസ്ഥിതിയും എന്ന വിഷയത്തിലും സെമിനാര്‍ നയിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും നിര്‍മ്മതി കേന്ദ്രം സെക്രട്ടറി പി എന്‍ സാനു നന്ദിയും പറയും.

date