Skip to main content
ചെല്ലാനം യോഗം

ചെല്ലാനത്തിന് സമഗ്ര പാക്കേജ്: കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ പുതുക്കിയ പദ്ധതി

കൊച്ചി: കടല്‍കയറ്റത്തെ തുടര്‍ന്ന് ജീവിതം ദുസഹമായ ചെല്ലാനം മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായി സമഗ്ര പാക്കേജ് തയാറാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കടല്‍ഭിത്തി, പുലിമുട്ട്, വീടുകളുടെ അറ്റകുറ്റപ്പണി, കനാല്‍ ശുചീകരണം, സര്‍വീസ് റോഡ് നിര്‍മാണം, കടല്‍ഭിത്തിയോട് ചേര്‍ന്ന് മണ്‍ഭിത്തി, കയര്‍ഭൂവസ്ത്രം സ്ഥാപിക്കല്‍ എന്നിവ അടങ്ങുന്ന പദ്ധിത വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പാക്കേജിന് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് പ്രദേശവാസികളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനം നേരിടുന്ന ദുരിതം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെയും കെ.ജെ. മാക്‌സി എം.എല്‍.എയുടെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗമാണ് സമഗ്ര പാക്കേജിന് തീരുമാനമെടുത്തത്. കടല്‍ഭിത്തി നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്‌സി അറിയിച്ചു.

ചെല്ലാനം കടലോരത്തെ സംരക്ഷിക്കുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിനുള്ള പദ്ധതി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഇപ്പോഴുണ്ടായ കടല്‍ക്ഷോഭം കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങളോടെ പുതിയ പദ്ധതി തയാറാക്കും. കടല്‍ഭിത്തി നിര്‍മാണത്തിനുള്ള പ്രാഥമിക നിര്‍ദേശം ഡിസംബര്‍ അഞ്ചിനു തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍മാരടങ്ങുന്ന വിദഗ്ധസംഘം ഇന്നും നാളെയുമായി ചെല്ലാനം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കടല്‍ഭിത്തി നിര്‍മാണത്തിനുള്ള രൂപരേഖ തയാറാക്കും. ചെന്നൈ ഐഐടി രൂപകല്‍പ്പന ചെയ്ത രീതിയിലുള്ള പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ബസാര്‍, വേളാങ്കണ്ണി, ആലുങ്കല്‍, വാച്ചാക്കല്‍, പുത്തന്‍തോട്, മറുവക്കാട്, ഉപ്പത്തിക്കാട്, പുത്തന്‍തോട്, കമ്പനിപ്പടി, കണ്ടക്കടവ് എന്നിവിടങ്ങളിലെ തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തി അടിയന്തരമായി പുതുക്കിപ്പണിയാനുള്ള നിര്‍ദേശവും സര്‍ക്കാരിന് സമര്‍പ്പിക്കും. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കടപ്പുറത്തെ മാതൃകയില്‍ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ഭിത്തി നിര്‍മാണമാണ് ചെല്ലാനത്ത് നടപ്പാക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികളും സമുദായനേതാക്കളും ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ചെല്ലാനം ഹാര്‍ബര്‍ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വിജയം കനാലും കടല്‍വെള്ളം കയറിയിറങ്ങുന്ന തോടുകളും ആഴം കൂട്ടി പുനഃനിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കടല്‍ക്ഷോഭത്തില്‍ കേടുപാടു പറ്റിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വീടുകളുടെ കണക്കെടുപ്പ് നടത്തി വരികയാണ്. കടല്‍ച്ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീടുകള്‍ വാസയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധസംഘടനകളും രംഗത്തുണ്ട്. വീടുകളുടെയും പരിസരങ്ങളുടെയും ശുചീകരണത്തിന് എട്ട് ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിമുറികള്‍ പുനഃനിര്‍മിക്കുന്നതിന് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ ആറ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. 25 ടോയ്‌ലറ്റുകള്‍ ഇതിനകം അറ്റകുറ്റപ്പണി നടത്തി. ഏതാനും ശുചിമുറികള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. 

സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണം ശാസ്ത്രീയരീതിയിലല്ലാത്തതിനാല്‍ മാലിന്യം നീക്കം ചെയ്യലിന് ബുദ്ധിമുട്ട് നേരിടുണ്ടെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ് യോഗത്തെ അറിയിച്ചു. മാലിന്യത്തിനൊപ്പം ലിറ്റര്‍ കണക്കിന് ഓരുജലം കൂടി ടാങ്കറുകളിലേക്ക് കയറുന്നതാണ് കാരണം. ഒരു ടാങ്ക് വൃത്തിയാക്കുമ്പോള്‍ തന്നെ 5000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ നിറയുകയാണ്. ഇനി നിര്‍മിക്കുന്ന ശുചിമുറികള്‍ ശാസ്ത്രീയരീതിയിലായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചെല്ലാനം മേഖലയില്‍ നിലവില്‍ പകര്‍ച്ചവ്യാധികളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആശ വര്‍ക്കര്‍മാരും അംഗന്‍വാടി പ്രവര്‍ത്തകരും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

കനാലുകളുടെയും തോടുകളുടെയും ശുചീകരണത്തിന് നാല് ജെസിബികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ് പറഞ്ഞു. രണ്ട് ജെസിബികള്‍ കൂടി ഇന്ന് ഇറക്കും. സൗജന്യ റേഷന്‍ വിതരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചെല്ലാനം ഹാര്‍ബറിന് സമീപം ഡ്രഡ്ജിങ് ഉടനെ ആരംഭിക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പും അറിയിച്ചു. 

ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഇമ്പശേഖര്‍, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ശ്രീദേവി, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലന്‍, കെ.എം. റിയാദ്, പി.എ. പീറ്റര്‍, ഷാജി കുറുപ്പശ്ശേരി, വി.ബി. രഘു, പ്രവീണ്‍ ദാമോദരപ്രഭു, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. അലക്‌സ് കൊച്ചീക്കാരന്‍വീട്ടില്‍, വി.ഡി. മജീന്ദ്രന്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

പടം ക്യാപ്ഷന്‍

ചെല്ലാനം സമഗ്രപാക്കേജിനെ കുറിച്ച് ആലോചിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം. കെ.ജെ. മാക്‌സി എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സബ് കളക്ടര്‍ ഇമ്പശേഖര്‍, ഡപ്യൂട്ടി കളക്ടര്‍ ഷീലാദേവി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി എന്നിവര്‍

date