Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 10 - 1000 ദിനങ്ങള്‍  - ആയിരം ദിനം : കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആയിരം വീടുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു. ഭവന രഹിതരായ 1128 കുടുംബങ്ങള്‍ക്കാണ്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്‌. 45 കോടി 12 ലക്ഷം രൂപയാണ്‌ ഇതിനായി വകയിരുത്തിയിരിക്കുന്നത്‌. ഒരു വര്‍ഷത്തിനകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 818 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 128 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസമാരംഭിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭവനം ഉറപ്പാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ്‌ പദ്ധതിയും കേന്ദ്ര പദ്ധതിയായ പിഎംഎവൈയും സംയോജിപ്പിച്ചാണ്‌ നഗരസഭ ഈ ദൗത്യം ഏറ്റെടുത്തത്‌. മേത്തല വില്ലേജില്‍ 600 വീടുകളും പുല്ലൂറ്റ്‌ വില്ലേജില്‍ 300 വീടുകളും ലോകമലേശ്വരം വില്ലേജില്‍ 228 വീടുകളുമാണ്‌ നിര്‍മ്മാണം നടത്തുന്നത്‌. 640 ചതുരശ്ര അടിയിലാണ്‌ വീടിന്റെ വിസ്‌തീര്‍ണം. നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞ കുടുംബങ്ങള്‍ക്ക്‌ ധനസഹായം പല ഘട്ടങ്ങളായി നല്‍കുന്നുണ്ട്‌. നാല്‌ ഗഡുക്കളായി 4,25,000 രൂപയാണ്‌ നല്‍കുക. 147 പേര്‍ മേല്‍ക്കൂരയും 241 പേര്‍ അടിത്തറയും പൂര്‍ത്തിയാക്കുകയും അവര്‍ക്ക്‌ യഥാക്രമം മൂന്നും രണ്ടും ഗഡുക്കള്‍ പണം നല്‍കുകയും ചെയ്‌തു. അടിത്തറ പണി തുടങ്ങിയ 302 വീട്ടുകാര്‍ക്ക്‌ ആദ്യഗഡു തുക നല്‍കിക്കഴിഞ്ഞു. 74 പേര്‍ കൂടി കെട്ടിട നിര്‍മ്മാണ അനുമതിക്കായി അപേക്ഷിച്ച്‌ കരാര്‍ വെക്കേണ്ടതുണ്ട്‌. ഫെബ്രുവരി മൂന്നാം വാരത്തോട്‌ കൂടി ഇത്‌ പൂര്‍ത്തിയാകും. ജനുവരിയില്‍ ലഭിച്ച ഭവന രഹിതരായ 236 കുടുംബങ്ങളുടെ അപേക്ഷകള്‍ കൂടി അയച്ച പ്രോജക്‌റ്റ്‌ റിപ്പോര്‍ട്ടിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. അവരും നഗരസഭയുമായി എഗ്രിമെന്റ്‌ വെച്ച്‌ കഴിഞ്ഞാല്‍ ആറ്‌ മാസത്തിനകം 1128 വീടിന്റെയും പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്‌ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിന്‌ പുറമെ നഗരസഭ 22 കോടി 56 ലക്ഷം രൂപയാണ്‌ വീട്‌ നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്‌. 16 കോടി 92 ലക്ഷം രൂപയാണ്‌ കേന്ദ്ര വിഹിതവും 5 കോടി 64 ലക്ഷം രൂപയാണ്‌ സംസ്ഥാന വിഹിതവുമാണ്‌. പുതിയതായി ലഭിച്ച 236 അപേക്ഷകരുടെ വീടുകള്‍ നിര്‍മ്മിക്കുന്നതിന്‌ നഗരസഭ ബാങ്കില്‍ നിന്ന്‌ വായ്‌പ ലഭിക്കുന്നതിന്‌ നടപടി സ്വീകരിച്ചു കഴിഞ്ഞു. പണി പൂര്‍ത്താക്കിയ എല്ലാ വീടുകള്‍ക്കും മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ഓരോ ജൈവ മാലിന്യ സംസ്‌കരണ പാത്രം സൗജന്യമായി നല്‍കുവാനും ആലോചനയുണ്ട്‌. കൂടാതെ ദാരിദ്ര രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി പാചകവാതക കണക്ഷനും നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

date