Skip to main content

1,03,361 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി ഇ. ചന്ദ്രശേഖരൻ

 

* പട്ടയവിതരണം: നടപടിക്രമങ്ങൾ സുതാര്യമാക്കി

സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങൾ വിതരണം ചെയ്തതായും ഫെബ്രുവരി അവസാനത്തോടെ 3,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യാൻ കഴിയുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കൈവശക്കാർക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയിൽ അവശേഷിക്കുന്നവർക്ക് ഉടൻ പട്ടയം നൽകുന്നതിന് സത്വര നടപടി സ്വീകരിച്ചതായും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. 01.01.1977ന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്ന പട്ടികവർഗക്കാർക്ക് ആർ.ഒ.ആർ നൽകുന്ന നടപടി അവസാനിപ്പിച്ച് പട്ടയം തന്നെ നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ലാൻഡ് ട്രൈബ്യൂണലുകളിൽ നിലവിലുണ്ടായിരുന്നതിൽ ഡിസംബർ 31 വരെ 1,12,001 ഫയലുകളിൽ തീർപ്പുകൽപ്പിച്ചതായി മന്ത്രി പറഞ്ഞു.  63,617 പട്ടയങ്ങൾ/ ക്രയ സർട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്. പട്ടയവിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടിക്രമങ്ങൾ സുതാര്യമാക്കി പ്രത്യേക മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുണ്ടായിരുന്ന 31 ലാൻഡ് ട്രിബ്യൂണലുകൾക്ക് പുറമെ 15 ലാൻഡ് ട്രിബ്യൂണലുകളും 14 ദേവസ്വം ട്രിബ്യൂണലുകളും ഉൾപ്പെടെ വിവിധ ജില്ലകളിലായി 29 സ്‌പെഷ്യൽ ട്രിബ്യൂണലുകൾ കൂടി രൂപീകരിച്ചു.  ലാൻഡ് ട്രിബ്യൂണലിലെ കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന ഉൾപ്പെടെ റവന്യൂ ഇൻസ്‌പെക്ടർമാർ ചെയ്തിരുന്ന ജോലി ചെയ്യുന്നതിന് വില്ലേജ് ഓഫീസർമാരെ കൂടി ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകി.  1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി.  കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതിന് കൈമാറ്റത്തിനുള്ള കാലപരിധി 25 വർഷത്തിൽ നിന്നും 12 വർഷമാക്കി കുറവ് ചെയ്തു.  കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചുകിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും ഉതകുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 

1964ലെ ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയ ഭൂമിയിൽ കൃഷിക്കാർ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാർക്കു തന്നെ ലഭിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി വരുത്തി.  ഇടുക്കി പദ്ധതി പ്രദേശത്ത് പത്ത് ചങ്ങലയിൽ മൂന്ന് ചങ്ങല വിട്ടുള്ള പ്രദേശത്ത് പട്ടയം വിതരണം ചെയ്യുന്നതിനു പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.  അരനൂറ്റാണ്ടിലധികം നീണ്ട ആവശ്യത്തിന് ഗുണപരമായ പര്യവസാനമാണ് ഇതുവഴി ഉണ്ടായത്.  പെരിഞ്ചാം കുട്ടിയിലെ ആദിവാസികളുടെ ദീർഘകാല ഭൂപ്രശ്‌നത്തിന് പരിഹാരം കണ്ടു.  കുടിയിറക്കപ്പെട്ട 158 കുടുംബത്തിനും പട്ടയം നൽകാൻ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.  എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ കാലങ്ങൾകൊണ്ട് രണ്ട് മുതൽ നാല് വരെ സെന്റ് പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 179 കുടുംബങ്ങൾക്ക് പട്ടയം നൽകി. വൻകിട കൈയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.   

മൂന്നാറിന് പ്രത്യേക പരിഗണന നൽകി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ക്രിയാത്മക ഇടപെടൽ നടത്തി.  അനധികൃത നിർമ്മാണങ്ങൾക്ക് കടിഞ്ഞാണിട്ടു.  നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ചു. 155.14 ഹെക്ടർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തു.  36.50 ഹെക്ടർ ഭൂമി 656 പേർക്ക് വിതരണം ചെയ്തു. കാലാവധി കഴിഞ്ഞതും വ്യവസ്ഥകൾ ലംഘിച്ചതുമായ പാട്ടഭൂമി തിരിച്ചെടുക്കൽ നടപടി ഊർജ്ജിതമാക്കി. വിവധ ജില്ലകളിലായി 1700.69 ഹെക്ടർ ഭൂമി എസ്ചീറ്റ് ഭൂമിയായി സർക്കാർ ഏറ്റെടുത്തു.  സംസ്ഥാനത്താകെ 605 കേസുകളിലായി 203 ഹെക്ടർ സർക്കാർ ഭൂമി കൈയ്യേറ്റക്കാരിൽ നിന്നു ഒഴിപ്പിച്ചെടുത്തു.  റീസർവ്വെ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ പുന:രാരംഭിച്ചു. സർവ്വെ പൂർത്തിയാക്കുന്നതിന് സമയബന്ധിത നടപടി സ്വീകരിച്ചു.  തുടക്കം കാസർകോഡ്, ഇടുക്കി ജില്ലകളിൽ നടത്തി. കാസർഗോഡ് 21 വില്ലേജുകളിലെ റീ-സർവ്വെ പൂർത്തിയാക്കി. ഇടുക്കിയിൽ പ്രവർത്തനം തുടങ്ങി. റവന്യൂ, സർവ്വെ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭൂമി സംബന്ധമായ ഇടപാടുകളെല്ലാം ഓൺലൈനായി നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഭൂരേഖ നവീകരണമിഷൻ എന്ന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മൂന്നു ജില്ലകളിൽ പരിശോധനാടിസ്ഥാനത്തിൽ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കി.  സംസ്ഥാനതല ഉദ്ഘാടനം ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 1,664 വില്ലേജുകളിലും സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ച് കാർഡ് മുഖേന നികുതി സ്വീകരിക്കുന്ന രീതി ഉടൻ പ്രാബല്യത്തിൽ വരുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.  അത് നടപ്പിലാക്കുന്നതിനോടൊപ്പം പണമായും നികുതി സ്വീകരിക്കുന്ന രീതി നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 622/19

date