Skip to main content

റേഷനിംഗ് സമ്പ്രദായം സുതാര്യമാക്കാൻ കഴിഞ്ഞത് ഭരണനേട്ടം : മന്ത്രി പി. തിലോത്തമൻ

 

* പുതുതായി 3.5 ലക്ഷം കാർഡുകൾ അനുവദിച്ചു

സംസ്ഥാനത്ത് റേഷനിംഗ് സമ്പ്രദായം സുതാര്യമാക്കാൻ കഴിഞ്ഞത് ഭരണനേട്ടമാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

2016 നവംബർ ഒന്നു മുതൽ റേഷൻ കാർഡ് ഉടമകൾക്ക് പുതിയ നിയമപ്രകാരം റേഷൻ വിതരണം ആരംഭിച്ചു.  330 ൽ അധികം വരുന്ന സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി സർക്കാർ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ മൊത്തവിതരണ ഏജൻസിയായി നിയോഗിക്കാൻ കഴിഞ്ഞത് മറ്റൊരു നേട്ടമാണ്.  സർക്കാർ നേരിട്ട് റേഷൻ ധാന്യങ്ങൾ എഫ്.സി.ഐ യിൽ നിന്നുമെടുത്ത് റേഷൻ കടകളിൽ വാതിൽപ്പടി വിതരണം തുടങ്ങി.  റേഷൻ കടകൾക്ക് മാന്യമായ പ്രതിഫല പാക്കേജ് നിശ്ചയിച്ചതിനൊപ്പം കുറഞ്ഞത് 18,000 രൂപ പ്രതിമാസ കമ്മീഷൻ ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു.  പൊതുജനങ്ങൾക്ക് റേഷൻ സാധനങ്ങൾ കടകളിലെത്തുന്ന വിവരം ടെലഫോൺ മെസേജായി ലഭ്യമാക്കി.  എല്ലാ റേഷൻ കടകളിലും ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ച് സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയതിനൊപ്പം ആധാർ അധിഷ്ഠിതമായ ബയോമെട്രിക് സാങ്കേതിക സംവിധാനം വഴി റേഷൻ വിതരണം സുതാര്യമാക്കാനും സാധിച്ചു.  ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഏത് റേഷൻ കടയിൽ നിന്നും അർഹതപ്പെട്ട റേഷൻ  വാങ്ങാൻ സാധിക്കുന്ന പോർട്ടബിലിറ്റി നടപ്പാക്കി. റേഷൻ കടകൾ വഴിയുള്ള ആട്ട വിതരണം മുടങ്ങിപ്പോയിരുന്നത് പുനഃസ്ഥാപിച്ചു. റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് പുതിയ അപേക്ഷ നൽകുവാൻ ഓൺലൈൻ സംവിധാനം തയ്യാറായി.  പുതിയതായി 3.5 ലക്ഷം കാർഡുകൾ അനുവദിച്ചു.  റേഷൻ സൗജന്യത്തിന് അർഹതയുള്ള മുൻഗണനാ പട്ടിക ശുദ്ധീകരിച്ചു.   2.86 ലക്ഷം മുൻഗണനാ കാർഡുകൾ അനർഹരാണെന്ന് കണ്ടെത്തി.  ഉദ്ദേശം 15 ലക്ഷം പുതിയ ഗുണഭോക്താക്കളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്തുന്നത് ഒരു തുടർപ്രക്രിയയായി നിശ്ചയിച്ചു.  പൊതുവിതരണ വകുപ്പിൽ ഈ വിഷയം ദിനംപ്രതി അവലോകനം ചെയ്യാൻ പ്രത്യേക സെൽ പ്രവർത്തനം ആരംഭിച്ചു.

സപ്ലൈകോ പുതിയതായി 28 മാവേലി സ്റ്റോറുകൾ, ഏഴ് സൂപ്പർ മാർക്കറ്റുകൾ എന്നിവ ആരംഭിച്ചു.  26 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും ആറ് എണ്ണം മാവേലി സൂപ്പർ മാർക്കറ്റുകൾ ആയും ഒരെണ്ണം പീപ്പിൾ ബസാർ ആയും രണ്ട് സൂപ്പർ മാർക്കറ്റുകൾ പീപ്പിൾ ബസാറുകളായും ഉയർത്തിയത് ഭരണത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടണം.

സ്വതന്ത്രാധികാരമുള്ള ഉപഭോക്തൃ ഡയറക്‌ട്രേറ്റ് ആരംഭിക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് നടപടികൾ ആരംഭിച്ചു.  ഉപഭോക്തൃ ഫോറങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് നടപടി തുടങ്ങി. ചിലയിടങ്ങളിൽ നിയമനം നടന്നുകഴിഞ്ഞു.  ഉപഭോക്തൃ അവകാശങ്ങൾ, നിയമനങ്ങൾ എന്നിവയുടെ അവബോധത്തിനായി സർക്കാർ ഉപഭോക്തൃകേരളം എന്ന പേരിൽ ഒരു ദ്വൈമാസിക ആരംഭിച്ചു.  മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര നിർദ്ദേശ പ്രകാരം മാർഗ്ഗരേഖ തയ്യാറാക്കി വിജ്ഞാപനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളം മാറി.  

എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് 63 പുതിയ തസ്തികകൾ സൃഷ്ടിച്ചു.  പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗൽ മെട്രോളജി ഓഫീസുകൾ സ്ഥാപിച്ചു.  നിയമലംഘനങ്ങൾ ചിത്രങ്ങളായോ വീഡിയോ ആയോ സന്ദേശങ്ങളായോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുന്നതിന് സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.  എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തി. വകുപ്പിന്റെ വിവിധ സേവനങ്ങൾ ഓൺലൈനാക്കിയതും പൊതുജനങ്ങൾക്ക് വലിയ നേട്ടമായി.  

സി.എഫ്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് തുടങ്ങുന്നതിനായി 480 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം പുരോഗമിച്ചുവരുന്നു.

പ്രളയകാലത്ത് കുട്ടനാട് പോലെയുള്ള പ്രളയ പ്രദേശങ്ങളിൽ ഒഴുകിനടക്കുന്ന റേഷൻകട പദ്ധതി തുടങ്ങിയതും കേന്ദ്ര സർക്കാരിൽ നിന്നും 89,540 മെട്രിക് ടൺ അരിയും 12,000 കി.ലിറ്റർ മണ്ണെണ്ണയും അനുവദിപ്പിച്ചതും പ്രളയം ബാധിച്ച എല്ലാ ജില്ലകളിലും റേഷൻ കാർഡുടമകൾക്ക് അഞ്ച് കിലോ സൗജന്യ അരി മൂന്ന് മാസത്തേക്ക് വിതരണം നടത്തിയതും ജനങ്ങൾക്ക് ആശ്വാസമായി. പ്രളയത്തിനുശേഷം പ്രളയബാധിത കുടുംബങ്ങൾക്ക് 500 രൂപ വിലയുള്ള ഭക്ഷണക്കിറ്റ് നാല് മാസത്തേക്ക് സൗജന്യമായി വിതരണം ചെയ്തു.  പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകിയതായും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 631/19

date