Skip to main content

വായനാ പക്ഷാചരണത്തിന് പ്രൗഢ ഗൗഭീര തുടക്കം

വായനാ പക്ഷാചരണത്തിന് പ്രൗഢ ഗൗഭീര തുടക്കം
കൊച്ചി: യുവതലമുറയ്ക്ക്  അക്ഷരവെളിച്ചം പകർന്ന്, വായിച്ചു വളരുകയെന്ന സന്ദേശവുമായി വായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എന്‍.എസ്.എസ് തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരികജാഥയും സമ്മേളനവുമൊരുക്കി കുറുമശ്ശേരിയിലാണ് വായനാപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്നത്. 

കുറുമശ്ശേരി ഗവ യു.പി സ്കൂളില്‍ പുസ്തകതാലപ്പൊലിയോടെ ആരംഭിച്ച സാംസ്കാരികജാഥയുടെ ഉദ്ഘാടനം കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു.മനുഷ്യരായി വളരാനുള്ള ഉത്തമമായ മാർഗം വായനയാണെന്നും അപകടകരമായ സാമൂഹ്യ സാഹചര്യത്തില്‍ നിന്നും വിമോചനം നല്‍കാന്‍ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ജാതീയമായി ചേരി തിരിക്കാതെ ഏകോദര സോദരങ്ങളാക്കി നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിന് മനസുകള്‍ വളരുകയും വിശാലമാകുകയും വേണം. ഇതിനുള്ള ഇന്ധനമാകാന്‍ വായനയ്ക്ക് കഴിയും.

കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം കവി. എസ്. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.ആര്‍. രഘു, സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്ഷരദീപം തെളിയിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. ജോഷി മാസ്റ്റര്‍, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, വൈസ് പ്രസിഡന്റ് സി എൻ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വൈ. ടോമി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി , ബ്ലോക്ക് പഞ്ചായത്തംഗം സംഗീത സുരേന്ദ്രൻ, പഞ്ചായത്തംഗം ജിഷ ശ്യാം, പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിഎം സാബു എന്നിവർ പങ്കെടുത്തു. തുടർന്ന് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ഗ്രാമീണ വായനശാല സംഘടിപ്പിച്ച നൃത്ത ശില്പം അരങ്ങേറി.

അഭിനേതാവും സംവിധായകനുമായ വിനോദ് കോവൂർ രചനയും സംവിധാനവും അഭിനയവും നിർവ്വഹിച്ച മലയാളം ഷോർട്ട് ഫിലിം ആകസ്മികം വേദിയിൽ പ്രദർശിപ്പിച്ചു. നിമിഷ തീരുമാനങ്ങൾ കൊണ്ട്  ജീവിതം നഷ്ടപ്പെടുത്തുന്ന യുവ തലമുറയെ ചിന്തിപ്പിക്കുന്ന ആകസ്മികം കയ്യയടിയോടെയാണ് കാണികളായ കൗമാര പ്രായക്കാർ ഏറ്റെടുത്തത്. തുടർന്ന് വിനോദ് കോവൂരും കുട്ട്യോളും തമ്മിൽ  സർഗാത്മക സംവാദം നടന്നു. 

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ബാലവേദിയുടെ  നാടകം മുത്തച്ഛന്റ പ്രമാണം അവതരിപ്പിച്ചു. സമകാലീന സമൂഹത്തിലെ മതഭ്രാന്തന്മാരുടെ ലഹളയെ മുത്തച്ഛന്റെ പ്രമാണം കൊണ്ട് നേരിടുന്ന യുവതലമുറയെ കാണിച്ചു തരികയാണ് നാടകത്തിലൂടെ ബാലവേദി പ്രവർത്തകർ. ഡോ. ബി.ആര്‍. അംബേദ്കറും, ഇന്ത്യന്‍ ഭരണഘടനയും സ്ത്രീസമത്വവും, ലിംഗനീതിയുമെല്ലാം പ്രതീകാത്മകയാണ് നാടകത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കലാമണ്ഡലം ഷൺമുഖൻ നളനായും വിജയകുമാർ ദമയന്തിയു മായി വേഷമിട്ട നളചരിതം ഒന്നാം ദിവസം കഥകളിയും വേദിയില്‍ അരങ്ങേറി.

date