Skip to main content

മത്സ്യസമൃദ്ധി: കൊടുങ്ങല്ലൂർ നഗരസഭ ഇന്ന് (ജൂൺ 20)  ഏഴരലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും

മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ നഗരസഭ കായലിൽ ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്ന് നഗരസഭയുടെ കീഴിലുള്ള ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷ്ണൻ കോട്ട കായലിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. കാര വിഭാഗത്തിൽ പെടുന്ന ചെമ്മീൻ കുഞ്ഞുങ്ങളെയാണ് ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഒഴുക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്(ജൂൺ 20) രാവിലെ 8 മണിക്ക് ആനാപ്പുഴയിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവ്വഹിക്കും. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം നാല് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ആനാപ്പുഴയിൽ ഒഴുക്കിയിരുന്നു. നല്ല രീതിയിൽ ചെമ്മീൻ ചാകര ലഭ്യമായത് മുന്നിൽ കണ്ടാണ് ഇത്തവണ കൃഷ്ണൻ കോട്ട കായലിൽ ഒഴുക്കാൻ തീരുമാനമായത്. അഴീക്കോട് ചെമ്മീൻ ഹാച്ചറിയിൽ ഉൽപാദിപ്പിക്കപ്പെട്ട പി.എൽ 18 വിഭാഗത്തിൽപ്പെട്ട ചെമ്മീൻ കുഞ്ഞുങ്ങളെയാണ് ഒഴുക്കുക. ഇവ മൂന്നോ നാലോ മാസംകൊണ്ട് പൂർണ വലുപ്പമാകും. പൂർണ വളർച്ചയെത്തിയാൽ കിലോയ്ക്ക് 400 രൂപവരെ ഉയർന്ന വില ലഭിക്കും.

തനത് മത്സ്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് റാഞ്ചിംഗ്. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് സംഭരിക്കുക എന്നതാണിതിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തെയും ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ കീഴിലാണ് അതത് പ്രദേശങ്ങളിൽ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുക. നിയമലംഘനം നടത്തി മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുക, പ്രദേശത്തെ മത്സ്യസമ്പത്ത് കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവ ഈ കൗൺസിലിന്റെ ചുമതലയാണ്. റാഞ്ചിംഗ് പ്രകാരം ജില്ലയിൽ ആറിടത്ത് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പദ്ധതിയുള്ളതായി ഫിഷറീസ് അസി. ഡയറക്ടർ പ്രശാന്തൻ പറഞ്ഞു. 19.2 ലക്ഷം രൂപയാണ് ഇതിന്റെ മൊത്തച്ചെലവ്. ചെമ്മീന് പുറമേ കട്ല, പൂമീൻ, കരിമീൻ, റോഹു, മൃഗാൾ തുടങ്ങിയ മത്സ്യങ്ങളെയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. പറപ്പൂർ, പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫൽക്കടവ്, ചേറ്റുവപ്പുഴ(ഏങ്ങണ്ടിയൂർ), പീച്ചി ഡാം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. പറപ്പൂർ,പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫൽക്കടവ് എന്നിവിടങ്ങളിൽ കാർപ്പ് മാതൃകയിൽപെട്ട കട്ല, റോഹു, മൃഗാൾ തുടങ്ങിയ മീൻകുഞ്ഞുങ്ങളെയും ചേറ്റുവപ്പുഴയിൽ പൂമീൻ, പീച്ചി ഡാം റിസർവോയറിൽ ടോർപുട്ടിറ്റോർ വിഭാഗത്തിൽപ്പെട്ട മീനുകളെയും നിക്ഷേപിക്കും.
 

date