Skip to main content

രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ

* ഗവർണർ ഉദ്ഘാടനം ചെയ്യും; 'സെൽഫി' ഉദ്ഘാടനചിത്രം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഗവർണർ പി.സദാശിവം  ഉദ്ഘാടനം ചെയ്യും.  കൈരളി തിയേറ്ററിൽ ജൂൺ 21ന് വൈകിട്ട് ആറിനാണ് ഉദ്ഘാടനച്ചടങ്ങ്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം പ്രമുഖ ഡോക്യുമെൻററി സംവിധായിക മധുശ്രീ ദത്തയ്ക്ക് ജൂൺ 26ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. 
ഇതുവരെ അഞ്ചു ദിവസമായിരുന്ന മേള ഇത്തവണ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ പ്രാതിനിധ്യം കൂട്ടുന്നതിനും കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനുമാണ് മേളദിനങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്ന് വാർത്താസമ്മേളനത്തിൽ സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ അറിയിച്ചു. കഴിഞ്ഞ വർഷം 206 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇത്തവണ 262 ചിത്രങ്ങൾ കൈരളി, ശ്രീ, നിള  എന്നീ തിയറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.
അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ 'സെൽഫി'ആണ് ഉദ്ഘാടന ചിത്രം. രണ്ടു യുവാക്കളുടെ ക്യാമറക്കാഴ്ചകളിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട കോണുകളിലെ സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണാത്മക സംരംഭമാണ് 86 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി.
63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെൻറി, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മൽസരം നടക്കുക. അന്താരാഷ്ട്ര വിഭാഗത്തിൽ 44, ഫോക്കസ് വിഭാഗത്തിൽ 74, മലയാളം വിഭാഗത്തിൽ 19 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് സംവിധായകൻ പാരഞ്ജിത്തിന്റെ 'മഗിഴ്ചി' ഉൾപ്പെടെ ആറ് മ്യൂസിക് വീഡിയോകളും ഒമ്പത് അനിമേഷൻ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഈയിടെ അന്തരിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്‌നസ് വാർദ, ലബനീസ് സംവിധായികയും മാധ്യമപ്രവർത്തകയുമായ ജോസ്ലിൻ സാബ് എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമേരിക്കൻ സംവിധായകൻ ബിൽ മോറിസണിന്റെ 'ദ ഗ്രേറ്റ് ഫ്‌ളഡ്' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ ഹ്രസ്വചിത്രം 'സുഖാന്ത്യ'വും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമ്മിച്ച 'ഋതുരാഗം' എന്ന ഡോക്യുമെൻററിയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.
മേളയുടെ ഭാഗമായി ഫേസ് റ്റു ഫേസ്, ഇൻ കോൺവെർസേഷൻ, സെമിനാർ എന്നീ പരിപാടികളും നടക്കും.  അന്തരിച്ച ഡോക്യുമെൻററി സംവിധായകൻ സി.ശരത്ചന്ദ്രന്റെ പേരിലുള്ള അനുസ്മരണ പ്രഭാഷണം ജൂൺ 23ന് പ്രമുഖ പത്രപ്രവർത്തകനും ദ ഹിന്ദുവിന്റെ മുൻ റൂറൽ എഡിറ്ററുമായ പി. സായ്‌നാഥ് നിർവഹിക്കും. 
കഥാവിഭാഗത്തിൽ പ്രശസ്ത തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ വസന്ത് സായ്, ആസാമീസ് സംവിധായികയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ, ചലച്ചിത്ര നിരൂപക നമ്രത ജോഷി എന്നിവരും,  കഥേതര വിഭാഗത്തിൽ സ്പാനിഷ് സംവിധായിക ആൻഡ്രിയ ഗുസ്മാൻ, മണിപ്പൂരി സംവിധായകൻ ഹോബാം പബൻകുമാർ, ഡോക്യുമെൻററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ സഞ്ജയ് കാക്ക് എന്നിവരുമാണ് ജൂറി അംഗങ്ങൾ.
മികച്ച ലോംഗ് ഡോക്യുമെൻററിക്ക് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെൻററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഷോർട്ട് ഡോക്യുമെൻററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഷോർട്ട് ഡോക്യുമെൻററിക്ക് 50,000 രൂപയും പ്രശസ്തിപത്രവും അംഗീകാരമായി ലഭിക്കും. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കേരളത്തിൽ നിർമിക്കപ്പെട്ട മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഡോക്യുമെൻററി ഛായാഗ്രാഹകന് പ്രമുഖ ക്യാമറാമാൻ നവ്‌റോസ് കോൺട്രാക്റ്റർ ഏർപ്പെടുത്തിയ 15,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും.
www.idsffk.in  എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂൺ 20 വൈകിട്ട് മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണംചെയ്യും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഹെൽപ്പ് ഡെസ്‌ക് കൈരളി തിയേറ്ററിൽ പ്രവർത്തിച്ചുവരുന്നു.
പി.എൻ.എക്സ്.1898/19

date