Skip to main content

കൂടംകുളം വൈദ്യുതി ലൈൻ അവസാന ഘട്ടത്തിൽ: മന്ത്രി എം.എം മണി

 

 

പാലക്കുഴ: കൂടംകുളം വൈദ്യുത നിലയത്തിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട ഹൈകോടതി സ്‌റ്റേ ഒഴിവായാൽ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കുവാൻ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

 

   ഒരു ടവറിന്റെ നിർമ്മാണം മാത്രമാണ് ഈ ലൈനിൽ ബാക്കി നിൽക്കുന്നത്. ഹൈക്കോടതി സ്റ്റേ ഉത്തരവ് നീങ്ങിയാൽ വൈദ്യുതി ലൈൻ ഉടൻ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന് - ഇടപ്പാട്ടുമല കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും പാലക്കുഴ പഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ്  ഇല്ലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തികരിച്ചത്. 

 

    കാലവർഷം ശക്തി പ്രാപിച്ചില്ലെങ്കിൽ 15 ദിവസത്തിനകം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുമിത് സുരേന്ദ്രൻ ലൈഫ് ഭവന പദ്ധതിയിൽ പാലക്കുഴ പഞ്ചായത്തിൽ പൂർത്തിയായ ഭവനങ്ങളുടെ താക്കോൽ ദാനം നിർവ്വഹിച്ചു. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തികരിച്ചത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് പാർപ്പിടം ഒരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. 

 

  പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ആലിസ് ഷാജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജുമോൻ, പാലക്കുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന മോഹനൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിബു ഇടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ .കെ .എൻ, ഉഷാ ശ്രീകുമാർ, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്ബ്, പഞ്ചായത്തംഗങ്ങളായ എൻ.കെ ജോസ്, മേഴ്സി ജോസ്, ജയ്സൺ ജോർജ്ജ്, ഡിൽഷ മണികണ്ഠൻ, ടി.എൻ സുനിൽ, ജിബി സാബു, സാലി ജോർജ്ജ്, ശോഭന മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി കെ.എം ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

date