Skip to main content

റീ ബിൽഡ് കേരള:: പാറക്കടവ് ബ്ലോക്കിൽ സർക്കാർ സഹായം കൊണ്ട് പൂർത്തിയായത് 107 വീടുകൾ

റീ ബിൽഡ് കേരള::
പാറക്കടവ് ബ്ലോക്കിൽ സർക്കാർ സഹായം കൊണ്ട് പൂർത്തിയായത് 107 വീടുകൾ

നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്കിൽ പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളിൽ 107 വീടുകൾ സംസ്ഥാന സർക്കാർ ധനസഹായം കൊണ്ട് പുനർനിർമ്മിച്ചു. ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളിൽ നിന്നും 218 പേരാണ് സർക്കാർ സഹായം വാങ്ങി സ്വന്തമായി വീട് നിർമ്മിക്കാൻ തയാറായത്. 174 പേർ മൂന്ന് ഗഡുവും കൈപ്പറ്റിയിട്ടുണ്ട്. അവസാന അറ്റകുറ്റപണികൾ മാത്രമാണ് ബാക്കിയുള്ളത്.
ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ആകെ 383 വീടുകളാണ് പൂർണമായും തകർന്നത്. പുത്തൻവേലിക്കര പഞ്ചായത്തിൽ 123 ഉം ചെങ്ങമനാട് -38, നെടുമ്പാശ്ശേരി - 45, പാറക്കടവ്-33, കുന്നുകര- 103, ശ്രീമൂലനഗരം-41 വീടുകളുമാണ് പ്രളയത്തിൽ പൂർണമായും തകർന്നത്. സംസ്ഥാന സർക്കാർ നേരിട്ടു നൽകിയ ധനസഹായം കൂടാതെ, സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയും വിവിധ സന്നദ്ധ സംഘടനകൾ വഴിയും തകർന്ന വീടുകൾ പുനർനിർമ്മിച്ചു. നിർമ്മിക്കുന്ന വീടിന് മറ്റ് നിബന്ധന കളൊന്നും വയ്ക്കാത്തതിനാൽ സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള വീടുകളാണ് എല്ലാവരും നിർമ്മിച്ചത്. വീട് നിർമ്മിക്കാൻ സമ്മതം നൽകിയിട്ടും മൂന്ന് കുടുംബങ്ങൾ മാത്രമാണ് പിൻവാങ്ങിയത്. പുത്തൻവേലിക്കര, നെടുമ്പാശ്ശേരി, കുന്നുകര പഞ്ചായത്തുകളിലെ ഓരോരുത്തരും ശ്രീ മൂലനഗരം പഞ്ചായത്തിലെ രണ്ട് പേരും ആദ്യ ഗഡു കൈപ്പറ്റിയ ശേഷം നിർമ്മാണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതിനാൽ തുക തിരിച്ചടച്ചു. ആകെയുള്ളതിൽ 211 പേർ ആദ്യ ഗഡുവും 200 പേർ രണ്ടാം ഗഡുവും കൈപ്പറ്റി യിട്ടുണ്ട്.
പ്രളയത്തിൽ വീടുകൾക്ക് 75 ശതമാനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചവരെയാണ് പൂർണമായും തകർന്നതായി കണകാക്കിയത്. പുനർ നിർമ്മാണത്തിനായി സർക്കാർ നാല് ലക്ഷം രൂപ മൂന്ന് ഗഡുക്കളായി നൽകി. വീട് സ്വന്തമായി പുനർനിർമ്മിക്കാമെന്ന ഉടമസ്ഥന്റെ സമ്മതപത്രം വാങ്ങിയാണ് തുക നൽകിയത്. നിർമ്മാണത്തിനാവശ്യമായ സിമൻറുകട്ടയും മറ്റും സൗജന്യമായി ഗുണഭോക്താക്കൾക്ക് നൽകിയിരുന്നു.

date