Skip to main content
theyyam

വടക്കന്‍ തെയ്യം തെക്കന്‍ മനസ്സുകള്‍ കീഴടക്കി

കലാസ്വാദകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് വടക്കേ മലബാറിലെ അഗ്നിഘണ്ഡാകര്‍ണ്ണന്‍ തെയ്യം കൊല്ലത്ത് അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യത്തനിമയുള്ളകലാരൂപങ്ങള്‍ തലമുറകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനാണ് പരിപാടി സംഘടിപ്പിച്ചത്.

ഭരണഭാഷാവര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കൂടി സഹകരണത്തോടെ നടന്ന അഗ്നിഘണ്ഡാകര്‍ണ്ണന്‍ തെയ്യം പ്‌ളാറ്റിനം ജൂബിലി ആഘോഷിക്കുന്ന കടപ്പാക്കട സ്‌പോര്‍ട്‌സ് ക്‌ളബ്ബ് മൈതാനത്താണ് അരങ്ങേറിയത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി എം. ആര്‍. ജയഗീതയം ചേര്‍ന്ന് തെയ്യത്തിന്റെ ഭാഗമായ പന്തങ്ങളിലേക്ക് തീ പകര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത് . പരമശിവന്റെ കര്‍ണത്തില്‍ നിന്ന് ഉത്ഭവിച്ച ഉഗ്രമൂര്‍ത്തിയായാണ് തെയ്യം സങ്കല്‍പ്പിക്കപ്പെടുന്നത്.

അനുഷ്ഠാന കലയുടെ തനിമയും താളരാഗലയവും വര്‍ണ്ണവിന്യാസത്തിലെ വൈവിദ്ധ്യവും സമന്വയിച്ച കലാരൂപം പുതുമയോടെ ആസ്വദിക്കുകയായിരുന്നു സഹൃദയ മനസ്സുകള്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടു നിന്നുള്ള കലാകാരന്മാരാണ് തെയ്യത്തിന്റെ പിന്നണിയില്‍ പങ്കുചേര്‍ന്നത്.

സുകുമാരന്‍, ശ്രീജിത്ത്, വിപിന്‍, സുരേഷ് എന്നിവര്‍ വാദ്യസംഗീതത്തിലും ഗായകരായി നിധീഷ്, ഷിംജിത്ത്, വിനോദ്, എന്നിവരും വിസ്മയം തീര്‍ത്തു.

date