Skip to main content

തൊഴിലുറപ്പും ഇച്ഛാശക്തിയും ചേർന്നപ്പോൾ  മാറിയത് ചേർപ്പിന്റെ മുഖഛായ 

പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി വഴി ചെലവുകുറഞ്ഞ തടയണ തീർത്ത് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. നെൽകൃഷി മുഖ്യജീവനോപാധിയായ അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശത്താണ് വെളളക്കെട്ട് മൂലം തരിശായ ചൊവ്വൂർ താഴം ചേനം ഭാഗത്ത് കൃഷിയിറക്കാനായി ബണ്ട് നിർമ്മിച്ചത്. കരുവന്നൂർ പുഴയോട് ചേർന്ന മുഖ്യകനാലിലാണ് മുള, കവുങ്ങ്, മണൽ ചാക്ക്, തെങ്ങ് എന്നിവ ഉപയോഗിച്ച് തടയണ തീർത്തത്. 2018 ഡിസംബറിൽ തുടങ്ങിയ പണി 2019 ജനുവരിയിൽ പൂർത്തീകരിച്ചു. തടയണ നിർമ്മാണത്തിന് ശേഷം ചൊവ്വല്ലൂർ താഴം 118 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമായി 48 ടൺ നെല്ലാണ് കഴിഞ്ഞ വിളവെടുപ്പിൽ ലഭിച്ചത്.
56.28 ചതുരശ്ര കിലോമീറ്റർ വിസൃതിയുളള ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിനെ വലം വച്ചാണ് കരുവന്നൂർ പുഴയുടെ ഒഴുക്ക്. ഇതിന്റെ ഭാഗമായ മുഖ്യകനാലിൽ തീർക്കുന്ന താൽക്കാലിക ബണ്ടുകളായിരുന്നു ഇവിടത്തെ കൃഷിക്കാരുടെ ആശ്രയം. മുഖ്യകനാലിൽ വെളളം നിറഞ്ഞ് ബണ്ടുകൾ തകരുന്നത് പതിവായതോടെ നെൽകൃഷിയും താളം തെറ്റി ഏക്കർ കണക്ക് പാടം കാലക്രമേണ തരിശിടാൻ തുടങ്ങി. തരിശ് ഭൂമി കൃഷി ഭൂമിയാക്കണമെന്ന ആലോചനയിൽ നിന്നാണ് സ്ഥിരം തടയണയെന്ന ആശയമുയർന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിശ്രമഫലമായി കർഷകർ കൃഷി ചെയ്യാൻ സന്നദ്ധതരായി കളപറച്ചും ചെളിനീക്കിയും ഭൂമി കൃഷിയോഗ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ അധികജലമൊഴുക്കി വിത്ത് വിതച്ചു. കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പിന്തുണയും തടയണ നിർമ്മാണത്തിനും കൃഷിയിറക്കുന്നതിനും തുണയായി.
കൃഷിയും കന്നുകാലി വളർത്തലും മുഖ്യവരുമാനമാർഗ്ഗമായ ചേർപ്പ് ബ്ലോക്കിൽ തടയണവന്നതോടെ തരിശ് ഭൂമികളെല്ലാം കൃഷിഭൂമികളായി മാറി. കുടുംബശ്രീ വനിതാകൂട്ടായ്മയാണ് നെൽകൃഷിക്ക് വേണ്ട അടിസ്ഥാന പ്രവർത്തകർ നടത്തുന്നത്.തദ്ദേശമായി ലഭിക്കുന്ന വസ്തുക്കളുപയോഗിച്ച്, തദ്ദേശീയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതി വഴി നിർമ്മിച്ച തടയണ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മുഖഛായമാറ്റിയിരിക്കുകയാണ്.

date