Skip to main content

ഗോത്ര വർഗ്ഗ പൈതൃക തനിമ സംരക്ഷിക്കാൻ ഗോത്ര സാംസ്ക്കാരിക സമുച്ചയം ഒരുങ്ങി

 

കൊച്ചി: ഗോത്ര വർഗ്ഗ പൈതൃക തനിമ സംരക്ഷിക്കാൻ ഗോത്ര സാംസ്ക്കാരിക സമുച്ചയം ഒരുങ്ങി. നാളെ വൈകുന്നേരം 3 മണിക്ക് (സെപ്റ്റംബർ 2) പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി എ കെ ബാലൻ സമുച്ചയം ഉദ്ഘാടനം ചെയ്യും. കൊച്ചി ഫോർഷോർ റോഡിൽ   ഒരു ഏക്കർ 18 സെൻറ് ഭൂമിയിൽ 2229. 22 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 8.31 കോടി രൂപ മുതൽമുടക്കിലാണ്  ട്രൈബൽ കോംപ്ലക്സ് പ്രോജക്ട് പൂർത്തീകരിച്ചിരിക്കുന്നത്.  കിറ്റ്കോയ്ക്കായിരുന്നു  നിർമ്മാണ ചുമതല.

മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള കോംപ്ലക്സിൽ ആധുനിക  സംവിധാനങ്ങളോടുകൂടിയ ആഡിറ്റോറിയം, ഉൽപ്പന്നങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട് ഡോർമിറ്ററി തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ പട്ടികവർഗ്ഗക്കാർ തയ്യാറാക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുക, ഗോത്ര സമൂഹങ്ങളുടെ  കലാരൂപങ്ങൾക്ക് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന് പ്രചാരം നൽകുക , ഗോത്രവർഗ്ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രൈബൽ കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലാണ് കോംപ്ലക്സിന്റെ  നിർമ്മാണം നടത്തിയിരിക്കുന്നത്. പട്ടികവർഗ്ഗക്കാർക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴിൽ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ്  വകുപ്പ് ലക്ഷ്യമിടുന്നത്. 

പട്ടികവർഗ്ഗക്കാർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രദർശന വിപണന സ്റ്റളുകൾ  സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, തടിയിൽ തീർത്ത ശിൽപ്പങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണവും ഷോപ്പുകളിൽ ഒരുക്കും.  വിഷാംശമില്ലാത്ത ഗോത്ര പാരമ്പര്യത്തിന്റെ  കയ്യൊപ്പോടു കൂടിയ ഉൽപ്പന്നങ്ങളും  വാങ്ങാൻ സാധിക്കും. 

ആധുനിക ശബ്ദ സംവിധാനങ്ങളോടുകൂടിയ  ഓഡിറ്റോറിയം ആണ് ട്രൈബൽ  കോംപ്ലക്സിന്റെ മറ്റൊരു ആകർഷണം. കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക്  ട്രീറ്റ്മെൻറ്, വീഡിയോ പ്രൊജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എസി  തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 

ട്രൈബൽ കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നതോടെ അന്യം നിന്ന് പോകുന്ന ഗോത്ര കലാരൂപങ്ങളും,  പാരമ്പര്യ  അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്കാരിക സായാഹ്നങ്ങൾക്ക്  സ്ഥിരം വേദി ഒരുങ്ങും . കിർത്താഡ്സ് വകുപ്പ്,  കൊച്ചിൻ ബിനാലെ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സാംസ്കാരികവകുപ്പ്, സംഗീതനാടക അക്കാദമികൾ , ഫോക്‌ലോർ അക്കാദമികൾ തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ട് വിവിധ കലാ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട് . 

ചെറിയ രീതിയിലുള്ള റസിഡൻഷ്യൽ ക്യാമ്പുകൾ,  സെമിനാറുകൾ, വർക്ക്ഷോപ്പുകൾ  തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യവും കോംപ്ലക്സിൽ ഉണ്ട് . പുരുഷന്മാർക്കും സ്ത്രീകൾക്കുമായി   20 കിടക്കകൾ വീതമുള്ള  പ്രത്യേക  ഡോർമിറ്ററികളും പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള  ഹാളും
തയ്യാറാക്കിയിട്ടുണ്ട്.

date