Skip to main content

ജില്ലാ ആസൂത്രണ സമിതി: കടവല്ലൂർ-ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് നീർത്തട വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കടവല്ലൂർ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തുകളുടെ നീർത്തട വികസന മാസ്റ്റർ പ്ലാനിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീർത്തട വികസനം നടപ്പിലാക്കുക. കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ 2419.65 ഹെക്ടറിലായി മൂന്ന് നീർത്തടങ്ങളുടെ വികസനമാണ് പ്ലാനിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ 1,51038 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ 2702.80 ഹെക്ടറിലായി അഞ്ചു നീർത്തടങ്ങളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 4,83,588 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. വിവിധ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 സാമ്പത്തിക വർഷത്തെ പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്തിൻെ്‌റ 30 പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി. 48 പ്രോജക്ടുകൾ ജില്ലാ പഞ്ചായത്ത് ഉപേക്ഷിക്കുകയും 63 പുതിയ പ്രോജക്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെന്നി ടീച്ചർ, അഡ്വ. ജയന്തി സുരേന്ദ്രൻ, ഇ.എ ഓമന, ലില്ലി ഫ്രാൻസിസ്, സിജി സിനി, നൗഷാദ് കൈതവളപ്പിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ആർ. മായ തുടങ്ങിയവർ പങ്കെടുത്തു.
 

date