Skip to main content

ആവാസ് പദ്ധതി: ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതിയായി

ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (ആവാസ്) ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. പ്രാരംഭ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കഴക്കൂട്ടം, പെരുമ്പാവൂര്‍, ഫറോക്ക് എന്നീ സ്ഥലങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. 

ഇതരസംസ്ഥാന തൊഴിലാളികളുടെ തൊഴില്‍പരമായി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സലര്‍മാരെ ക്ലറിക്കല്‍ തസ്തികയിലെ ശമ്പള സ്‌കെയിലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഹിന്ദി, ബംഗാളി ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയായിരിക്കും കൗണ്‍സലര്‍മാരായി നിയമിക്കുക. ഇതര സംസ്ഥാന തൊഴിലാളികളുടെ ബാങ്കിംഗ്, ആരോഗ്യ, യാത്രാസംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിര്‍മാണ മേഖലയില്‍ ജോലിക്കിടെ  അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമപരിരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയവയായിരിക്കും കൗണ്‍സലര്‍മാരുടെ ചുമതലകള്‍.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറും തൊഴിലുടമാ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ആരോഗ്യ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു കമ്മിറ്റിക്കാണ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍വഹണ ചുമതല. മൂന്നു ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിനായി ഒരു വര്‍ഷത്തേക്ക് 28 ലക്ഷത്തി രണ്ടായിരം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.388/18

date