Skip to main content

സ്വരാജ്‌ട്രോഫി : മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു

 

2016-17 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹത നോടിയ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.  

ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാതലത്തില്‍ രണ്ടു വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.  ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.  

അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടുക്കി ജില്ലയില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടില്ല. സംസ്ഥാനതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ കോട്ടയത്തെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പത്തനംതിട്ടയിലെ പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.  ഇവര്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് മികച്ച ജില്ലാപഞ്ചായത്ത്.  എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.  

2016-17 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിര്‍വ്വഹണത്തില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് മഹാത്മാ പുരസ്‌കാരം ലഭിക്കും.  

സംസ്ഥാനതലത്തില്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും അഗളി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.  ജില്ലാതലത്തില്‍ രണ്ടു വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.  സാക്ഷ്യപത്രവും മൊമന്റോയും പഞ്ചായത്തുകള്‍ക്ക് നല്‍കും. 

തൃശൂരിലെ ഏറിയാട്, ആലപ്പുഴയിലെ ബുധനൂര്‍, കൊല്ലത്തെ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി, ഗ്രാമപഞ്ചായത്തുകളും പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.  

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായും ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), ഇന്‍ഫര്‍മേന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിനര്‍ഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.

ഫെബ്രുവരി 19 ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പി.എന്‍.എക്‌സ്.600/18

 

date