Skip to main content
മലയാറ്റൂര്‍ പെരുന്നാള്‍

മലയാറ്റൂര്‍ പെരുന്നാളിന് ഹരിത നടപടിക്രമം ഭിക്ഷാടനത്തിനും പുകവലിയ്ക്കും കര്‍ശന നിരോധനം

 

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഹരിത നടപടിക്രമം ബാധകമാക്കാന്‍ തീരുമാനം. അടിവാരം മുതല്‍ കുരിശുമുടി വരെയുള്ള തീര്‍ത്ഥാടനപാതയിലും പരിസരത്തും ഭിക്ഷാടനം, പുകവലി, ലഹരി ഉപയോഗം, പുകയിലയുടെയും ലഹരിവസ്തുക്കളുടെയും വില്‍പ്പന എന്നിവ കര്‍ശനമായി തടയും. നിരോധനവും ഹരിത നടപടിക്രമവും നടപ്പാക്കാന്‍ പള്ളി അധികൃതരുടെ സഹകരണത്തോടെ പൊലീസ്, വനം, റവന്യൂ, എക്‌സൈസ്, ശുചിത്വമിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കും.

റോജി.എം.ജോണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പള്ളി അധികൃതരുടെയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് മലയാറ്റൂരെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാനും ശ്രദ്ധിക്കണം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മലയാറ്റൂര്‍ പെരുന്നാളിന് ഹരിത നടപടിക്രമം ബാധകമാക്കുന്നത്. കേരളത്തിനും ലോകത്തിനും മലയാറ്റൂര്‍ നല്‍കുന്ന മികച്ച സന്ദേശമാകും ഹരിതനടപടിക്രമത്തിന്റെ പാലനമെന്നും എം.എല്‍.എ പറഞ്ഞു.

ജില്ലയില്‍ തിരുവൈരാണിക്കുളം ക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം എന്നിവിടങ്ങളില്‍ ഉത്സവവേളകളില്‍ ഹരിതനടപടിക്രമം നടപ്പാക്കിയതിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മലയാറ്റൂരിലും കഴിഞ്ഞ വര്‍ഷം ഹരിതനടപടിക്രമം വിജയമായിരുന്നു. വനമേഖല എന്ന നിലയില്‍ ഇത് കൂടുതല്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കേണ്ട ബാധ്യതയുണ്ട്. വനവും പുഴയും മലിനപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതി സംരക്ഷണവും തീര്‍ത്ഥാടനവും ഒത്തുപോകുന്ന സമീപനമാണ് എല്ലാവരും കൈക്കൊള്ളേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഹരിതനടപടിക്രമം പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ ഇത്തവണ പഞ്ചായത്തില്‍ നിന്നും കച്ചവടത്തിനുള്ള ലൈസന്‍സ് നല്‍കുകയുള്ളൂ. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന തരത്തിലുള്ള ഗ്ലാസുകള്‍, പ്ലേറ്റുകള്‍, കവറുകള്‍ എന്നിവ അനുവദിക്കില്ല. നടപടിക്രമം തെറ്റിക്കുന്നത് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കി കച്ചവടം തടയും. വ്യാപാരത്തിനെത്തുന്നവര്‍ സ്വന്തം സ്ഥലത്തു നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വ്യാപാരസ്ഥലം ലേലത്തിലെടുത്ത ശേഷം ഉപലേലം നല്‍കുന്നത് കര്‍ശനമായി തടയും.

മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ അടിവാരത്തും മലയാറ്റൂര്‍ പള്ളി പരിസരത്തും പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും. ഓശാന ഞായറാഴ്ച്ചയായ മാര്‍ച്ച് 25ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളുണ്ടാകും. പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെ വാഹന പാര്‍ക്കിങിനും പോലീസിന്റെ മേല്‍നോട്ടമുണ്ടാകും. പള്ളിക്കു പുറത്ത് തേക്കിന്‍തോട്ടത്തില്‍ വാഹനപാര്‍ക്കിങിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു. 

മലയാറ്റൂരിലേക്കുള്ള റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ പൊതുടാപ്പുകള്‍ നന്നാക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും സിവില്‍ സപ്ലൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌ക്വാഡിനെ നിയോഗിക്കും. തീര്‍ത്ഥാടനകേന്ദ്രത്തിലും വനമേഖലയിലും അനധികൃത ലഹരി വില്‍പ്പന തടയാന്‍ എക്‌സൈസും വനം വകുപ്പും പൊലീസും രംഗത്തുണ്ടാകും. മെഴുകുതിരി വില്‍പനയുടെ മറവില്‍ മദ്യവും ലഹരിയും വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വനമേഖലയായി വിജ്ഞാപനം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കച്ചവടമോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ആംബുലന്‍സുകള്‍ അടിവാരത്തുണ്ടാകും. പ്രധാന തീര്‍ത്ഥാടന ദിവസങ്ങളായ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 30 വരെ സ്വകാര്യ ബസുകള്‍ക്ക് പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കും. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. രാത്രി 10.30 വരെ സര്‍വീസ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. റോഡുവക്കിലെയും പുറമ്പോക്കുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തീര്‍ത്ഥാടകരുടെ സൗകര്യം ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

മലയാറ്റൂര്‍ -നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി, മലയാറ്റൂര്‍ പള്ളി വികാരി ഡോ. ജോണ്‍ തേക്കാനത്ത്, റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു.

date