Skip to main content

എറണാകുളം വാര്‍ത്തകള്‍

പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരിശീലനം
കൊച്ചി: പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി മാര്‍ച്ച് 23, 24 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 23ന് രാവിലെ 9.15ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുരേഷ് ബാബു തോമസ് എന്നിവര്‍ പ്രസംഗിക്കും.
ആദ്യസെഷനില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സൈബര്‍ നിയമങ്ങളെ കുറിച്ച് ക്ലാസ് നയിക്കും. ഇ.എസ്. ബിജുമോന്‍, അഡ്വ. കഴക്കൂട്ടം നാരായണന്‍ നായര്‍ എന്നിവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 24ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. 

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 21-ന്
കൊച്ചി:  സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ മാര്‍ച്ച് 21 -ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന്് തെളിവെടുപ്പ് ആരംഭിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും പിന്നോക്ക ജാതികള്‍ക്കുമുള്ള വികസന പദ്ധതികള്‍ നവീകരിക്കണമെന്നുള്ള സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ നിവേദനം, പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴില്‍ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനം, സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നുള്ള ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂര്‍ ശ്രീനാരായണ വിജയ സമാജം സമര്‍പ്പിച്ച നിവേദനം, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൈനോരിറ്റി പ്രൊടക്ഷന്‍ റൈറ്റ്‌സ് എന്ന സംഘടന പിന്നോക്ക വിഭാഗ വകുപ്പ മന്ത്രിക്ക് നല്‍കിയ 26 ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം, ചങ്ങനാശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം, ഭര്‍ത്താവിന്റെ മരണ ശേഷം വായ്പ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് പ്രഭ എന്ന വ്യക്തി സമര്‍പ്പിച്ച പരാതി എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമതിയുടെ കീഴില്‍ പ്ലംബര്‍ തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് ആശുപത്രിയില്‍ മാര്‍ച്ച് 27-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യുവിന് ഹാജരാവുന്നവര്‍ രാവിലെ 11 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2777489, 2776043. ഐ.റ്റി.ഐ, യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്, പ്രതിദിന വേതനം 385 രൂപ. പ്രായപരിധി 18 നും 56 വയസിനും ഇടയ്ക്ക്. 

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഒരു ഒഴിവ്, യോഗ്യത എം.ബി.ബി.എസ് പ്രതിമാസ വേതനം 40,950 രൂപ. ഡെന്റല്‍ സര്‍ജന്‍ ഒരു ഒഴിവ്, യോഗ്യത ബി.ഡി.എസ്  പ്രതിമാസ വേതനം 30,000 രൂപ. ഡെന്റല്‍ ഹൈജീനിസ്റ്റ് ഒരു ഒഴിവ് യോഗ്യത ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ് പ്രതിമാസ വേതനം 18,000 രൂപ. ജൂനിയര്‍ റിസര്‍ച്ച് ഫെലോ നാല് ഒഴിവ്. യോഗ്യത പി.ജി (ആയുര്‍വേദം) (റിസര്‍ച്ച് ജോലിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം) പ്രതിമാസ വേതനം 25,000 രൂപ.  യോഗ ആന്റ് നാച്യുറോപ്പതി ടെക്‌നീഷ്യന്‍ ഒരു ഒഴിവ്. യോഗ്യത ബി.എ.എം.എസ് പ്രതിമാസ വേതനം 15,000  രൂപ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ രണ്ട് ഒഴിവ് യോഗ്യത ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ പരിജ്ഞാനം.  പ്രതിമാസ വേതനം 15000 രൂപ. 
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഏപ്രില്‍ ആറിന് രാവിലെ 11-ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കൊച്ചി: 2017-18 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2018 ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നടത്തും. 2017  ലെ ഒന്നാം വര്‍ഷ പരീക്ഷയിലും 2017 ഡിസംബര്‍ മാസത്തിലെ രണ്ടാം വര്‍ഷ അര്‍ദ്ധ വാര്‍ഷിക പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചവരും, 2018 ലെ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി അപേക്ഷ  സമര്‍പ്പിച്ചിട്ടുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, മേല്‍ പരാമര്‍ശിച്ച പരീക്ഷകളുടെ റിസള്‍ട്ട്, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ മാര്‍ച്ച് 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍
അപേക്ഷ ക്ഷണിച്ചു
കൊച്ചി: മൊബൈല്‍ & വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിക്കുന്നു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, എറണാകുളം (കത്രിക്കടവ്) ഫോണ്‍: 8943569054.

സ്റ്റേഷനറി വിതരണം; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം
കൊച്ചി: സ്റ്റേഷനറി വകുപ്പിന്റെ ആധുനികവത്കരണവും കാര്യക്ഷമതയും ലക്ഷ്യമാക്കി ടേംസ് (ടോട്ടല്‍ എന്റര്‍പ്രൈസ് റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയറിന്റെ കണ്‍സ്യൂമര്‍ ലോഗിന്‍ മൊഡ്യൂള്‍ http://stationery.kerala.gov.in വിലാസത്തില്‍ ലഭ്യമാണ്. സ്റ്റേഷനറി വിതരണ കാര്‍ഡ് അനുവദിച്ചിട്ടുളള എല്ലാ ഗവ:ഓഫീസുകളും മേല്‍പ്പറഞ്ഞ വിലാസത്തില്‍ ലോഗിന്‍ ചെയ്ത് ഓഫീസിന്റെ വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തണം.
2018-19 സാമ്പത്തിക വര്‍ഷം മുതല്‍ സ്റ്റേഷനറി സാധനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനുളള സംവിധാനം നിലവില്‍ വരുന്നതിനാല്‍ മാര്‍ച്ച് 31-ന് മുമ്പ് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തി അംഗീകാരത്തിനായി സമര്‍പ്പിക്കണം. ലോഗിന്‍ ചെയ്യുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് http://stationery.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍ 0484-2422630 ഇ-മെയില്‍ acsekm@gmail.com 
വിവരങ്ങള്‍ യഥാസമയം സമര്‍പ്പിക്കാത്ത ഓഫീസുകള്‍ക്കുളള സ്റ്റേഷനറി വിതരണത്തില്‍ തടസങ്ങളുണ്ടാകാന്‍ സാദ്ധ്യതയുളളതിനാല്‍ മാര്‍ച്ച് 31 നു മുമ്പ് ബന്ധപ്പെട്ട ഓഫീസുകള്‍ ലോഗിന്‍ പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതാണ്.

പി.എന്‍.ഡി.റ്റി ഉപദേശക സമിതി യോഗം
കൊച്ചി: പി.എന്‍.ഡി.റ്റി ജില്ലാതല ഉപദേശക സമിതി യോഗം മാര്‍ച്ച് 22-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ ചേരും.

date