Skip to main content

ജലസ്രോതസുകളുടെ സംരക്ഷണം ഭാവിതലമുറയ്ക്കുള്ള  ഏറ്റവും നല്ല സമ്മാനം: ജില്ല കളക്ടര്‍

kulam

കൊച്ചി: ജലസ്രോതസുകളുടെ സംരക്ഷണമാണ് ഭാവിതലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ലോക ജലദിനത്തിന്റെ ഭാഗമായി, മുന്‍വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുളങ്ങള്‍ നന്നായി സംരക്ഷിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്ട്‌സ് സെന്ററില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുളങ്ങള്‍ ശുചീകരിക്കുന്നതിനേക്കാള്‍ അത് വൃത്തിയായി നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. അത് ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും പ്രദേശവാസികളുടെയും ഉത്തരവാദിത്തമാണ്. നേരത്തേ നവീകരിച്ച കുളങ്ങളില്‍ 40% കുളങ്ങളും നന്നായി സംരക്ഷിക്കുന്നുണ്ട്. മികച്ച രീതിയില്‍ കുളങ്ങള്‍ സംരക്ഷിച്ച തദ്ദേശ സ്ഥാപനങ്ങളെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കളമശേരി നഗരസഭയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 13-ാം വാര്‍ഡിലുള്ള തേനിക്കുളത്തിന്റെ മികച്ച സംരക്ഷണത്തിനാണ് അവാര്‍ഡ്. രണ്ടാം സ്ഥാനം അങ്കമാലി നഗരസഭയിലുള്ള 25 ാം വാര്‍ഡിലെ ടൗണ്‍ ചിറയ്ക്കും മൂന്നാം സ്ഥാനം കോട്ടുവള്ളി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുള്ള കടുവാങ്കുളം നേടി. തിരുവാണിയൂര്‍ (മാരത്താനം മൂലച്ചിറ), ചേന്ദമംഗലം (നെല്ലിയാര്‍ കുളം), തുറവൂര്‍ (കോഴിക്കുളം ചിറ), അശമന്നൂര്‍ (ചാക്കച്ചിറ), ചോറ്റാനിക്കരയിലെ (എരുവേലി തന്നച്ചിറ) എന്നീ പഞ്ചായത്തുകള്‍ പ്രോത്സാഹന സമ്മാനം നേടി. കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അതാത് പ്രദേശത്തെ ജനങ്ങളുടെ സഹകരണവും ഇടപെടലുമാണ് കുളം ശുചീകരണ പദ്ധതിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള ലഭ്യതയും ജലസംരക്ഷണവും ഇന്ന് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. അടുത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ നിധി കുടിവെള്ളമായിരിക്കും. ജില്ല വലിയ വ്യാവസായിക വളര്‍ച്ച കൈവരിക്കുമ്പോള്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാകരുത്. ജൈവപരമായ വികസനം കൊണ്ടു മാത്രമേ നാട് പുഷ്ടിപ്പെടുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്‍പൊട് കൊച്ചി പദ്ധതിയുടെ ദൃശ്യാവതരണം പ്രദര്‍ശിപ്പിച്ചു. 

ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അന്‍പൊട് കൊച്ചിയുടെ സഹകരണത്തോടെ 2016 ലാണ് എന്റെ കുളം എറണാകുളം എന്ന പേരില്‍ കുളം നവീകരണ പദ്ധതി ജില്ലയില്‍ ആരംഭിച്ചത്. മുന്‍ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയില്‍ 55 കുളങ്ങളാണ് ശുചീകരിച്ചത്. പിന്നീട് ജില്ല കളക്ടറായി ചുമതലയേറ്റ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ 50 ദിവസം 100 കുളം എന്ന പേരില്‍ പദ്ധതി തുടങ്ങി 43 ദിവസങ്ങള്‍ക്കുള്ളില്‍ 100 കുളം ശുചീകരിച്ചു. 60 ദിവസത്തില്‍ 161 കുളങ്ങള്‍ കൂടി ശുചീകരിച്ച പദ്ധതിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഹരിതകേരളത്തിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, അന്‍പൊട് കൊച്ചി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കുളം ശുചീകരണം നടത്തിവരുന്നത്. 

ഈ വര്‍ഷം പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ 11 കുളങ്ങളുടെ ശുചീകരണം പൂര്‍ത്തിയാക്കി. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ നവീകരിച്ച 216 കുളങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കുന്ന കുളങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ പങ്കെടുക്കാന്‍ മുന്‍ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യവും എത്തിയിരുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ എ.പി.എം മുഹമ്മദ് ഹനീഷിന് ജില്ല കളക്ടര്‍ പുരസ്‌കാരം നല്‍കി. എന്നാല്‍ കുളം ശുചീകരണത്തിന് നേതൃത്വം നല്‍കിയ കളക്ടറാണ് പുരസ്‌കാരത്തിനര്‍ഹനെന്ന് പറഞ്ഞ് അദ്ദേഹം പുരസ്‌കാരം കളക്ടര്‍ക്കു നല്‍കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രതിനിധി സി.ആര്‍. സീമയ്ക്ക് ജില്ല കളക്ടര്‍ ഉപഹാരം നല്‍കി. 

തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, നെഹ്‌റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, മൈനര്‍ ഇറിഗേഷന്‍ ഇഇ ഗീത ദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി, തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍, അംഗങ്ങള്‍, എന്‍എസ്എസ്, എന്‍വൈകെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

ക്യാപ്ഷന്‍: ലോക ജലദിനത്തിന്റെ ഭാഗമായി, മുന്‍വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുളങ്ങള്‍ നന്നായി സംരക്ഷിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡ് ഒന്നാം സ്ഥാനത്തിനര്‍ഹമായ കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി പീറ്ററും കൗണ്‍സിലര്‍ മൈമുനയും മറ്റംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

date