Skip to main content

പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം- അവലോകനയോഗം ചേർന്നു 

 

 

2026 നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ്, പൂർത്തീകരിക്കാൻ സാധിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അവലോകന യോഗം.  

തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ഓരോ വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട് ഡാഷ്ബോർഡുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി യോഗത്തിൽ നിർദേശിച്ചു. 'പെർ ഡ്രോപ്പ് മോർ ക്രോപ് ' പദ്ധതിയിൽ വകയിരുത്തിയ മുഴുവൻ തുകയും വിനിയോഗിക്കണമെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ബ്ലോക്ക്‌ തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി കൃഷിവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രി കുസും യോജന കൃഷി വകുപ്പുമായി ചേർന്ന് നടപ്പിലാക്കണമെന്ന് വൈദ്യുതി വകുപ്പ് അധികൃതർക്കും അദ്ദേഹം നിർദ്ദേശം നൽകി. പദ്ധതിക്കായി അപേക്ഷകൾ നൽകുന്ന പ്രക്രിയ മനസ്സിലാക്കുന്നതിന് കർഷകർക്ക് വേണ്ടി ക്യാമ്പ് സംഘടിപ്പിക്കണമെന്നും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 162 പ്രവൃത്തികൾ ഫെബ്രുവരി 20 വരെയുള്ള തീയതിയിൽ പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിക്കാൻ സാധിക്കുമെന്നും 50 പ്രവൃത്തികൾ ശേഷം വരുന്ന മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷിനോട് വകുപ്പ് അധികൃതർ അറിയിച്ചു. മാർച്ച് മാസത്തിനകം നാല് റോഡുകൾ ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അധികൃതരും, ചിറ്റൂർ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിർമ്മാണം ഫെബ്രുവരി 15ന് പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതരും അറിയിച്ചു. പെരുമാട്ടി പി.എച്ച്.സി, മേലാർക്കോട് പി.എച്ച്.സി എന്നിവയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ടി.വി റോഷ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്ക് സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി എം.ബി രാജേഷ് യോഗത്തിൽ അധികൃതർക്ക് നിർദ്ദേശം നൽകി. എട്ട് സ്കൂളുകൾ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടെന്നും, വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പുരോഗമിക്കുന്ന 14 സ്കൂളുകൾ ഉടൻ പൂർത്തീകരിക്കാൻ സാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ സൂചിപ്പിച്ചു. ആറ് പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചെന്നും, രണ്ട് പ്രവർത്തികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതരും, രണ്ട് പ്രവർത്തികൾ 90 ശതമാനം പൂർത്തീകരിച്ച് ഉടൻ ഉദ്ഘാടനത്തിന് തയ്യാറാവുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതരും യോഗത്തിൽ അറിയിച്ചു. 

 

യോഗത്തിൽ പി മമ്മിക്കുട്ടി എം.എൽ.എ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എം ധ്വര, വിവിധ വകുപ്പ് മേധാവികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date