Skip to main content
'അഗ്രി ടെക്നോളജി മീറ്റ് 2026' ഉദ്ഘാടനം -  മന്ത്രി കെ.എ തുളസി

ആധുനിക സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ. എ. തുളസി

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാനും കര്‍ഷകരുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്താനും പുതിയ കൃഷിരീതികളും ആധുനിക സാങ്കേതികവിദ്യകളും അനിവാര്യമാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കാര്‍ഷിക സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനും യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മലമ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സംഘടിപ്പിച്ച 'അഗ്രി ടെക്നോളജി മീറ്റ് 2026' ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കീടനാശിനി പ്രയോഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായി ഡ്രോണ്‍ സാങ്കേതികവിദ്യ പോലെയുള്ള നവീന ഉപകരണങ്ങളുടെ ഉപയോഗത്തിന് സാധിക്കും. സാങ്കേതികവിദ്യകള്‍ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ കൃഷി കൂടുതല്‍ എളുപ്പമുള്ളതാക്കാനും കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക ഭദ്രതയും വര്‍ധിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഡിജിസിഎ അംഗീകരിച്ച കാര്‍ഷിക ഡ്രോണ്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് പരിശീലന പദ്ധതി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം, എസ്.എം.എ.എം ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ ജില്ലാതല വിതരണ ഉദ്ഘാടനം, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം ഡ്രോണ്‍ പ്രവര്‍ത്തനം, എസ്.എം.എ.എം ഏകദിന ശില്പശാല, കാര്‍ഷിക യന്ത്രങ്ങളുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.

20 എസ്.എം.എ.എം കര്‍ഷക ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ താക്കോല്‍ദാനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. 55 കര്‍ഷകര്‍ക്ക് നറുക്കെടുപ്പിലൂടെ യന്ത്രോപകരണങ്ങള്‍ സമ്മാനമായി നല്‍കി. പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീജിത്ത്, മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രത്നകുമാരി സുരേഷ്, വാര്‍ഡ് അംഗം സുമിത്ര മനോജ്, ഉത്തരമേഖല എക്‌സി. എന്‍ജിനീയര്‍ (കൃഷി) അഹമ്മദ് കബീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ആറുമുഖദാസ്, മലമ്പുഴ അസി. എക്‌സി. എന്‍ജിനീയര്‍ ജെ. ബിന്ദു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം.ഡി സതീഷ്‌കുമാര്‍, എസ് ദീപ്തി, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ (ആത്മ) ഡോ.എസ്.എസ് നാഗസിന്ധു, കര്‍ഷക പ്രതിനിധി ജി ശിവരാജന്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date