Skip to main content

പറമ്പിക്കുളത്തെ ആദിവാസി ഉന്നതികളുടെ നവീകരണം: നിർമാണം ഉടൻ ആരംഭിക്കും

 പറമ്പിക്കുളത്തെ ആദിവാസി ഉന്നതികളുടെ നവീകരണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കെ. പ്രേമൻ എംഎൽഎ അറിയിച്ചു. മുതലമട പഞ്ചായത്തിലെ സുങ്കം, പൂപ്പാറ പട്ടികവർഗ ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾക്കായി കരാർ നടപടികൾ പൂർത്തിയായി. നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. സാങ്കേതിക തടസ്സങ്ങളെത്തുടർന്നാണ്   പറമ്പിക്കുളത്തെ ആദിവാസി ഉന്നതികളുടെ നവീകരണ പ്രവൃത്തികൾ മുടങ്ങിയത്. 

 

നെന്മാറ നിയോജകമണ്ഡലത്തിലെ പറമ്പിക്കുളം വനമേഖലയിലുള്ള ഈ ഉന്നതികളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2020–21 സാമ്പത്തിക വർഷത്തിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ഓരോ കോടി രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങളും പലതവണ ടെൻഡർ ക്ഷണിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതും കാരണം പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ. പ്രേമൻ എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുകയും ചെയ്തു. ഇതേത്തുടർന്ന് തടസ്സങ്ങൾ പരിഹരിച്ച് കരാർ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ആദിവാസി ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.  

date