Skip to main content

കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗ സംഘം പാലക്കാട് എത്തി

 

കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട്  ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. 10 പേര്‍ വീതം ഉള്‍ക്കൊള്ളാവുന്ന മൂന്നു ബോട്ടുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഇന്ന് (ഓഗസ്റ്റ് ആറ്) പുലര്‍ച്ചെ ജില്ലയില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍  ഡി.ബാലമുരളിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം മണ്ണിടിച്ചില്‍ സാധ്യതയുള്ള അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അട്ടപ്പാടി ചുരം മേഖല, എത്തിപ്പെടാന്‍ ഒറ്റവഴി മാത്രമുള്ള നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിലെ പ്രത്യേകതയും ദുരന്തസാധ്യതകളും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, നിലവില്‍ തുറന്നുവിട്ട കാഞ്ഞിരപ്പുഴ, മംഗലം ഡാം പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. റവന്യൂ, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ചേരും. മുന്‍വര്‍ഷങ്ങളിലെ പ്രളയ കാലഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം,  ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ഗതാഗതം പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ദൗത്യസംഘം മുന്നിട്ടിറങ്ങിയിരുന്നു.

 

date