കുത്തന്നൂര്‍ ചൗക്കി റിയറിങ് സെന്റര്‍ ഉദ്ഘാടനം 24 ന്
പട്ടുനൂല്‍ കൃഷിക്കാവശ്യമായ ചൗക്കി (ഇളം) പുഴുക്കളെ ഉത്പ്പാദിപ്പിക്കുന്ന റിയറിങ് സെന്റര്‍ കുത്തന്നൂരില്‍ മാര്‍ച്ച് 24 വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നിലവില്‍ സെറികള്‍ച്ചര്‍ കര്‍ഷകര്‍ ചൗക്കി പുഴുക്കളെ ലഭിക്കുന്നതിന് ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷം ചെലവ് വരുന്ന പദ്ധതിയില്‍ എട്ട് ലക്ഷം കേന്ദ്ര സബ്സിഡി ലഭിക്കും.
കുത്തന്നൂര്‍ നെടുങ്ങോട്ടുകുളം കൊച്ചു ചൗക്കി റിയറിങ് സെന്റര്‍ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേര്‍ലി അധ്യക്ഷയാകും. ഗ്രാമ വികസന കമ്മീഷനര്‍ കെ. രാമചന്ദ്രന് മുഖ്യാതിഥിയാകും. 'സെറികള്‍ച്ചറില്‍ ചൗക്കി റിയറിങ്ങിന്റെ പ്രാധാന്യം ' വിഷയത്തില്‍ കേന്ദ്ര സില്‍ക് ബോര്‍ഡ് ശാസ്ത്രജ്ഞന് എസ്. രാജകുമാര്‍ ക്ലാസെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്, സെറികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പട്ടുനൂല്‍ കര്‍ഷകര്‍ പങ്കെടുക്കും. ജില്ലയില്‍ നിലവില്‍ 250 ഏക്കര്‍ സ്ഥലത്ത് 225 കര്‍ഷകര്‍ പട്ടുനൂല്‍ കൃഷിയിലേര്‍പ്പെട്ട് ഏക്കര്‍ ഒന്നിന് ശരാശരി രണ്ടു ലക്ഷം വാര്‍ഷിക ആദായമുണ്ടാക്കുന്നുണ്ട്.
- Log in to post comments