ഫിഫ ലോകകപ്പ് ആവേശമായി ക്വിസ് മത്സരം പ്രസാദും അജിതും ചാംപ്യന്മാര്
മോസ്ക്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തില്‍ 14 ന് പന്തുരുളുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് ലോകം. സൗദി അറേബ്യയും റഷ്യയും ബൂട്ട് അണിയും മുന്‍പേ ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആവേശമുയര്‍ത്താന്‍ സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച 'റോഡ് ടു റഷ്യ' ക്വിസ് മത്സരം അറിവിന്റെ കളിക്കളമായി മാറി. ചിറ്റൂര്‍ സ്വദേശി ആര് പ്രസാദ് മത്സരത്തിലെ ചാമ്പ്യനായി. നെന്മാറ സ്വദേശികളായ എസ്.അജിത്,കെ.വിഷ്ണു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 7000 രൂപയാണ് ഒന്നാംസമ്മാനം.രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 3000,2000 ലഭിച്ചു. കിക്കോഫ്, ഫസ്റ്റ് ഹാഫ്, സെക്കന്‍ഡ് ഹാഫ് എന്നിങ്ങനെ രണ്ടു റൗണ്ടുകളിലായിലായിരുന്നു ക്വിസ് മത്സരം. 18 മുതല്‍ 35 വയസുവരെയുളളവര്ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 42 പേര് പങ്കെടുത്തു.പാലാട്ട് മധു ആയിരുന്നു ക്വിസ് മാസ്റ്റര്‍.വിജയികള്‍ക്ക് സംസ്ഥാനതലത്തിലും മത്സരിക്കാം. 2018 ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം സ്റ്റേഡിയം ഏത്?, ഒറ്റ കളിയില്‍ അഞ്ചു ഗോള്‍ അടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടിയ കളിക്കാരന് ആര് , 'ഗാലപ്പിങ് മേജര്‍' എന്ന അപര നാമത്തില്‍ അറിയപ്പെടുന്നതാര് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്പില് ഉത്തരങ്ങളും ഗോള്‍ പോലെ വന്നു. കാല്‍പ്പന്തുകളിയുടെ ഇന്നലെകളും ഇന്നുകളും നിറഞ്ഞു നിന്ന ചോദ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു മത്സരാര്ഥികളും.
ലോകകപ്പ് മത്സരത്തിന്റെ ആവേശത്തില്‍ പൊതു ഇടങ്ങളില്‍ ഉയരേണ്ടത് ഫ്ലക്സുകളല്ല, കളിയാരവങ്ങളാണ്, ഫ്ലക്സുകള്‍ക്ക് പണം മുടക്കുന്നതിന് പകരം കുട്ടികള്‍ക്ക് പന്ത് വാങ്ങി നല്‍കണമെന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ പറഞ്ഞു.ജില്ലാ ഫുട്ബോള്‍ ടീം കോച്ച് പി.കെ.രാജീവ് അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ കെ.മാധവദാസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.എസ്.ശങ്കര്‍, കോര്‍ഡിനേറ്റര്‍ ടി.എം.ശശി സംസാരിച്ചു.
- Log in to post comments