റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ സംവിധാനമൊരുക്കും -ജില്ലാ വികസന സമിതി
ജില്ലയില്‍ റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇ-പോസ് മെഷീനുകള്‍ തകരാറിലാവുകയും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകാതെയുമുളള സാഹചര്യത്തില്‍ മുമ്പ് നല്‍കിയത് പോലെ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കണമെന്ന എം.എല്‍.എ മാരുടെ ആവശ്യം യോഗം അംഗീകരിച്ചു. വിവിധ ഗോഡൗണുകളില്‍ തൊഴിലാളി സമരം മൂലം റേഷന്‍ വിതരണം ചില സ്ഥലങ്ങളില്‍ മുടങ്ങിയിരുന്നെങ്കിലും ഇത് പരിഹരിച്ചതായി സപ്ലൈകോ റീജനല്‍ മാനെജര്‍ അറിയിച്ചു. ഇനി മുതല്‍ റേഷന്‍ സാധനങ്ങളുടെ 50 ശതമാനം ഓരോ മാസവും 10-ാം തീയതിയ്ക്കകവും ബാക്കിയുളളവത് 20-ാം തീയതിയ്ക്കകവും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ അരി വൈകിയെത്തിയാല്‍ അടുത്ത മാസം നിശ്ചിത തീയതി വരെ വിതരണം ചെയ്യുന്നതിന് സംവിധാനമൊരുക്കും. കൂടാതെ 64 ആദിവാസി ഊരുകളില്‍ സിവില്‍ സപ്ലൈസ് മുഖേന ചിങ്ങം ഒന്ന് മുതല്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കും.
റോഡുകളിലെ കുഴികള്‍ ഉടന്‍ അടയ്ക്കും
മണ്ണാര്‍ക്കാട് കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുളള റോഡിലെ കുഴികള്‍ രണ്ട് ദിവസത്തിനകം അടയ്ക്കും. അട്ടപ്പാടി ചുരത്തിലുളള കുഴികള്‍ അടയ്ക്കുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും മഴയില്ലാത്ത ദിവസം ഗതാഗതം നിയന്ത്രിച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.കോങ്ങാട്-മംഗലാംകുന്ന് റോഡിന്‍റെ പ്രവൃത്തികളും ത്വരിതപ്പെടുത്തും. മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അപ്പക്കാട് റോഡ് ടാര്‍ ചെയ്യുന്നതിന് വനം വകുപ്പ് ഉന്നയിക്കുന്ന തടസ്സത്തിന് പരിഹാരം കാണാനും തീരുമാനിച്ചു. ഇതു കൂടാതെ റോഡിലെ കുഴികള്‍ നികത്താന്‍ പൊതുമരാമത്ത് വകുപ്പിന് നിയോജക മണ്ഡലടിസ്ഥാനത്തില്‍ അനുവദിച്ച അഞ്ച് മുതല്‍ 10 ലക്ഷം വരെ വിനിയോഗിച്ചുളള പ്രവൃത്തികള്‍ ആരംഭിച്ചതായി എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
ആനയ്ക്കെതിരെ കുങ്കിയും റബ്ബര്‍ ബുളളറ്റും
കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ തുരത്താന്‍ റബ്ബര്‍ ബുളളറ്റ് ഫലപ്രദമാണെന്ന തമിഴ്നാടിന്‍റെ അനുഭവം മുന്‍ നിര്‍ത്തി റബ്ബര്‍ ബുളളറ്റ് പൊലീസ് സഹായത്തോടെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആലത്തൂല്‍ മണ്ഡലത്തില്‍ ജനജാഗ്രതാ സമിതി നിശ്ചയിച്ച സ്ഥലങ്ങളില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് സോളാര്‍ ഫെന്‍സിങ്ങ് നടത്താന്‍ തീരുമാനിച്ചു. നിര്‍വഹണത്തിനായി പഞ്ചായത്തിനെ ചുമതലപ്പെടുത്തും. തമിഴ്നാട്ടില്‍ നിന്നും കുങ്കിയാനകളെ വാടകയ്ക്കെടുക്കാനുളള സാധ്യതകളും പരിശോധിക്കും. നെന്മാറ-കൊല്ലങ്കോട്-മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ആനയിറങ്ങാതിരിക്കുന്നതിന് വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.
അട്ടപ്പാടിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും
അട്ടപ്പാടിയില്‍ സഹകരണ വകുപ്പ് ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കിയതിനാല്‍ അടിയന്തര ചികിത്സയ്ക്ക് രോഗികള്‍ക്ക് തമിഴ്നാട്ടിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരില്ലെന്ന് പ്രൊജക്റ്റ് ഓഫീസര്‍ പറഞ്ഞു. ഇനി മുതല്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കാണ് രോഗികളെ റഫര്‍ ചെയ്യുക. ഇവിടെ രോഗികളെ എത്തിക്കാനുളള ആംബുലന്‍സ് അടക്കമുളള എല്ലാ സംവിധാനവുമൊരുക്കിയിട്ടുണ്ട്. കൂടാതെ ആദിവാസികളായ രോഗികള്‍ക്ക് കൂട്ടിരിപ്പിനുളള (ബൈ സ്റ്റാന്‍ഡര്‍) സംവിധാനവുമുണ്ട്. വനാവകാശ നിയമപ്രകാരം 794 പേര്‍ക്ക് ഭൂമി നല്‍കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. അട്ടപ്പാടിയില്‍ കമ്മ്യൂനിറ്റി കിച്ചനുകള്‍ സജീവമാക്കാനുളള നടപടികളും മഴ മൂലം തടസ്സം നേരിട്ട ലൈഫ് മിഷന്‍ പദ്ധതിയിലെ വീടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു.
വായ്പാ തിരിച്ചടവ്
റവന്യു റിക്കവറി നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി ജൂലൈ 20 മുതല്‍ 30 വരെ താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകളില്‍ അനുഭാവപൂര്‍ണമായ പരിഗണന നല്‍കി കാര്‍ഷിക വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരമാണ് നല്‍കുന്നതെന്ന് ലീഡ് ബാങ്ക് മാനെജര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ തന്നെ 3400 പേര്‍ ജപ്തി നടപടികള്‍ നേരിടുന്നതായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അറിയിച്ചു.
ഹോമിയോ വകുപ്പില്‍ അറ്റന്‍ഡര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.മാരായ കെ.കൃഷ്ണന്‍കുട്ടി, കെ.വി. വിജയദാസ്, കെ.ഡി.പ്രസേനന്‍, കെ.ബാബു, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി കെ.എന്‍.എ സലാം, എ.ഡി.എം.റ്റി വിജയന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
- Log in to post comments