Skip to main content
ഫോട്ടോ- സംസ്ഥാനതല തദ്ദേശദിനാഘോഷം-ലോഗോ

സംസ്ഥാന തദ്ദേശദിനാഘോഷം  മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം

 

ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട്  മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് മാധ്യമ പുരസ്‌കാരം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. പുരസ്‌കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സഹിതം ഫെബ്രുവരി 18 ന് ഉച്ച്ക്ക് രണ്ടിനകം  കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശ ദിനാചരണം സംഘാടക സമിതി ഓഫീസ്, കൂറ്റനാട് എന്ന വിലാസത്തില്‍ എന്‍ട്രികള്‍ നല്‍കണം. ദൃശ്യ/ശ്രാവ്യ മാധ്യമ വാര്‍ത്തകള്‍ പെന്‍ ഡ്രൈവിലും അച്ചടി മാധ്യമ വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുമാണ് എന്‍ട്രിയില്‍ ഉള്‍പ്പെടുത്തേണ്ടത്. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശവും തദ്ദേശ ഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ തലങ്ങളും മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഏറ്റവും  മികച്ച ദൃശ്യമാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, ഏറ്റവും മികച്ച  റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുക. ഫെബ്രുവരി എട്ട് മുതല്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതുമായ റിപ്പോര്‍ട്ടുകളും ഫോട്ടോയും പരിഗണിക്കും. ഫെബ്രുവരി 19 ന് തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

പ്രദര്‍ശന വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ

പ്രദര്‍ശന വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, പഞ്ചായത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശദിനാഘോഷം സംഘടിപ്പിക്കുന്നത്.

 

date