Skip to main content

വിളയൂര്‍ ഗ്രാമപഞ്ചായത്തിലും വിദ്യാലയങ്ങളിലും ഇനി പരാതിപ്പെട്ടി

 

വിളയൂര്‍ ഗ്രാമപഞ്ചായത്തിലും വിദ്യാലയങ്ങളിലും സ്ഥാപിക്കുന്ന പരാതിപ്പെട്ടികളുടെ ഉദ്ഘാടനം ഇന്ന് (മെയ് 24ന്). രാവിലെ ഒന്‍പതിന് വിളയൂര്‍ ഹൈ സ്‌കൂളില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിക്കും. കുട്ടികളുടെ ക്ഷേമവും സംരക്ഷണവും കുടുംബത്തിലും പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിളയൂര്‍ ഗ്രാമപഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതും തുറന്ന് പറയാന്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നടപടി. ഗ്രാമപഞ്ചായത്ത് പരിധിയിലെ നാല് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവ തുറന്ന് പരാതികള്‍ പരിശോധിക്കുകയും പരിഹാരം കാണാനുള്ള നടപടിയുണ്ടാവുമെന്ന് പഞ്ചായത്ത് ശിശുസംരക്ഷണ കമ്മറ്റി കണ്‍വീനറും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുമായ കെ. ജയശ്രീ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍  കണ്‍വീനറും പൊലീസ്, ആരോഗ്യ വിഭാഗം എന്നിവയില്‍ നിന്നുള്ള ഓരോ ഉദ്യോഗസ്ഥരും സ്‌കൂള്‍ പ്രധാന അധ്യാപകര്‍, ഓരോ അങ്കണവാടി, ആശാ വര്‍ക്കര്‍മാരും പഞ്ചായത്ത് തല ശിശു സംരക്ഷണ കമ്മിറ്റിയില്‍ അംഗങ്ങളാണ്. പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഗ്രാമപഞ്ചായത്തിന്റെ 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30,000 രൂപ ചെലവിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പിന്നീട് യു.പി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ അധ്യക്ഷയാകും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, ശിശു സംരക്ഷണ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

date