Skip to main content

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊര്‍ണൂര്‍

 

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊര്‍ണൂരിനെ തിരഞ്ഞെടുത്തു. അതിദരിദ്ര പട്ടികയില്‍ ഉണ്ടായിരുന്ന 99 കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപിച്ചാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. അതിദാരിദ്ര്യ മുക്ത നഗരസഭാ പ്രഖ്യാപനം തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.

വീടില്ലാത്ത അഞ്ച്  കുടുംബങ്ങള്‍ക്കാണ് നഗരസഭ സുരക്ഷിത ഭവനം ഒരുക്കി കൊടുത്തത്. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങള്‍ക്ക് ഡോ. സി എം നീലകണ്ഠന്‍ 'മനസോടിത്തിരി മണ്ണ്' പദ്ധതി വഴി സംഭാവന നല്‍കിയ 25 സെന്റ് ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാനുള്ള നടപടികളും സ്വീകരിച്ചു. ഈ നാല് കുടുംബങ്ങളെ നഗരസഭ വാടക നല്‍കി വീടെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരെ ഫ്ലാറ്റുകളിലേക്ക് മാറ്റും.

അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ മറ്റെല്ലാ പ്രശ്നങ്ങള്‍ക്കും നഗരസഭ നേരത്തേ പരിഹാരം കണ്ടിരുന്നു.സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായും സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര നഗരസഭയായും നേട്ടം കൈവരിച്ച നഗരസഭകൂടിയാണ് ഷൊര്‍ണൂര്‍.

നഗരസഭയുടെ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഫാത്തിമത്ത് ഫര്‍സാന വി,കെ കൃഷ്ണകുമാര്‍, പി ജിഷ,കെ എം ലക്ഷ്മണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി സി സിന്ദു ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരസഭാ ചെയര്‍മാന്‍ എം കെ ജയപ്രകാശ് സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ പി എസ് സന്ദീപ് നന്ദിയും പറഞ്ഞു. സെക്രട്ടറി പി എസ് രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

date