വിജ്ഞാനകേരളം :ജില്ലാതല കൗണ്‍സില്‍ രൂപീകരിച്ചു ജില്ലാതല കൗണ്‍സില്‍ രൂപീകരണ യോഗം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
വിജ്ഞാനകേരളം ജില്ലാതല കൗണ്‍സില്‍ രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്റ് കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
നോളജ് എക്കോണമി മിഷന്റെ ഭാഗമായി തൊഴിലന്വേഷകരെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകള്‍ ലഭ്യമാക്കുകയാണ് വിജ്ഞാനകേരളത്തിന്റെ ലക്ഷ്യം.
കേരള സമ്പദ്ഘടനയെ വിജ്ഞാന സമ്പദ്ഘടനയായി വിപുലപ്പെടുത്തുകയാണ് കേരള വികസനത്തിന്റെ അടുത്ത ലക്ഷ്യമെന്നും തൊഴില്‍ അന്വേഷകരെ കണ്ടെത്തി പൊതുജന പങ്കാളിത്തതോടെ നൈപുണ്യ വികസനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഉറപ്പ് വരുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കാണ് ഉള്ളത്. വിജ്ഞാനകേരളം മുഖേന അടുത്ത ഒരു വര്‍ഷം കൊണ്ട് തൊഴില്‍ മേഖലയില്‍ അത്ഭുതകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഈ നേട്ടം ജില്ലയ്ക്കും കൈവരിക്കാനാകണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേഹാധ്വാനമുളള തൊഴില്‍ തെരഞ്ഞെടുക്കുന്നതില്‍ പലരും കാണിക്കുന്ന വൈമുഖ്യത ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
പുതിയ തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനുള്ള പ്രാപ്തി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാന്‍ വിജ്ഞാന കേരളത്തിലൂടെ കഴിയുമെന്ന് വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക് അഭിപ്രായപ്പെട്ടു.ജില്ലയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാസത്തോടെ 20,000 പേര്‍ക്ക് തൊഴില്‍ നല്കുന്ന ദൗത്യം പൂര്‍ത്തീകരിക്കും. കുടുംബശ്രീയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്നും നൈപുണ്യ വികസന കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികളെ നിര്ബന്ധിതരാക്കുക വഴി കുട്ടികള്‍ക്ക് ഡിഗ്രിയോടൊപ്പം ജോലിയും പഠിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, വിജ്ഞാനകേരളം കണ്‍സള്‍ട്ടന്റ് ഡോ പി. സരിന്, കില ഫെസിലിറ്റേറ്റര്‍ ഡോ. രാജേഷ്, എഡിഎം കെ സുനില്‍ കുമാര്‍, തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) ജലജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments