Skip to main content

ലഹരിക്കെതിരെ താഴെതട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം; മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു

ജില്ലയില്‍ ലഹരിക്കെതിരെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍  നടത്തണമെന്നും ഇതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഗ്രമാപഞ്ചായത്തുകളും ഇടപെടല്‍ നടത്തണമെന്നും കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മതസൗഹാര്‍ദ്ദ യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം ചേര്‍ന്നത്. എ.ഡി.എം കെ. സുനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ലഹരിയ്ക്കെതിരെ പൊലീസ്- എക്സൈസ് വകുപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും മാതാപിതാക്കള്‍ കുട്ടികളെ കൃത്യമായി നിരീക്ഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. താലൂക്ക് തല മതസൗഹാര്‍ദ്ദ യോഗങ്ങള്‍ മഴക്കാലത്തിന് ശേഷം നടത്തണമെന്നും യോഗത്തില്‍ എ.ഡി.എം നിര്‍ദ്ദേശിച്ചു. മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ സൈബര്‍ പൊലീസിലോ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ കഴിഞ്ഞാല്‍ കൊടികള്‍ അഴിച്ചുമാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. വിജയകുമാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date