അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ...
'ഇങ്ങള് കോയ്ക്കോട്ടെ അതിശയ പത്തിരി കയ്ച്ചിനാ...! ഇല്ലെങ്കില്‍ പോന്നോളീ പള്ള നിറയെ കയ്ക്കാം'മേളയിലെ ഫുഡ് കോര്‍ട്ടിലെത്തിയാല്‍ കേള്‍ക്കാം കോഴിക്കോടന്‍ ശൈലിയിലെ സ്നേഹത്തോടെയുള്ള ആ വിളി. വിളി മാത്രമല്ല പറഞ്ഞത് പോലെ വയറ് നിറയെ മലബാര്‍ സ്പെഷ്യല്‍ വിഭവങ്ങളും ഫുഡ് കോര്‍ട്ടിലെ കോഴിക്കോട് സ്റ്റാളിലുണ്ട്. കോഴിക്കോട് 'തനിമ'കുടുംബശ്രീ അംഗങ്ങായ ഇരട്ട സഹോദരിമാരാണ് സ്റ്റാളില്‍ ആവേശത്തോടെ കച്ചവടം നടത്തുന്നത്. ഫിദ പിജി സൈക്കോളജിയും നിദ ബിഇഎഡ് വിദ്യാര്‍ഥിനിയുമാണ്.
ലയറുകളിലാക്കിയ ചപ്പാത്തിയില്‍ കോഴിയും മസാലയും പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്ന അതിശയ പത്തിരിയുടെ രുചി അതിശയിപ്പിക്കുന്നതു തന്നെയാണ്. ഇത് കൂടാതെ കോഴിക്കോടന്‍ സ്പെഷ്യലായ ചിക്കന്‍ ഓലമടക്ക്, കല്ലുമ്മക്കായ - കൂന്തല്‍ നിറച്ചത്, കരിംജീരകക്കോഴി, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങീ വിവിധങ്ങളായ വിഭവങ്ങളും കഴിക്കാം.
- Log in to post comments