Skip to main content

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

 

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന് രാവിലെ 11 ന് ആരംഭിക്കും. സ്‌കൂൾ  കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്.എം.എസ്. മുഖേന യൂസർനെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. സ്കൂൾ, കോളേജ് നോഡൽ ഓഫീസർ ജനുവരി 12ന് രാവിലെ 10.30ന് ഐഡിയിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യണം. രാവിലെ 11.10 ഓടെ ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം. മത്സരാർത്ഥികളുടെ ഇരിപ്പിടങ്ങൾ രാവിലെ 10.30-നകം സജ്ജമാക്കണം. മത്സരം പൂർണമായും എഴുത്തു പരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടക്കും.

പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമാണുള്ളത്. മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. വീണ്ടും സമനില വന്നാൽപ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കും. ക്വിസിന്റെ പഠനസഹായ സാമഗ്രിയായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാലകോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോപ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.

സ്‌കൂൾ തലത്തിൽ സ്‌കൂൾവിദ്യാഭ്യാസ ജില്ലജില്ലസംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീമുകളാകും മത്സരിക്കുക. കോളേജ് വിഭാഗത്തിൽ കോളേജ്ജില്ലസംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

 

 

ഹരിതകര്‍മ്മ സേനാംഗങ്ങളെ ജനാധിപത്യ മുന്‍നിരയിലേക്ക് നയിച്ചത് സര്‍ക്കാര്‍: മന്ത്രി എം ബി രാജേഷ്

സര്‍ക്കാരിന്റെ നിയമപരമായ പിന്തുണയും സ്വീകാര്യതയുമാണ് വൃത്തിയുടെ പോരാളികളായ ഹരിതകര്‍മ്മ സേനാംഗങ്ങളെ ജനാധിപത്യ മുന്‍നിരയിലേക്ക് എത്തിച്ചതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്  പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പതിമൂന്നാമത് ദേശീയ സരസ് മേളയില്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയികളായ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്ന 'വൃത്തിയുടെ വിജയം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ നടന്ന  തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 547 ഹരിത കര്‍മ സേനാംഗങ്ങളാണ് ജനവിധി തേടിയത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 219 പേരെയാണ് പരിപാടിയില്‍ മന്ത്രി ആദരിച്ചത്.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ സര്‍ക്കാര്‍ പിന്തുടര്‍ന്നു. വിട്ടുവീഴ്ചയില്ലാതെ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. ഇങ്ങനെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്  ഹരിത കര്‍മ്മ സേന ഈ വിജയം കൈവരിച്ചത്. കേരള ജനതയ്ക്ക് വൃത്തിയുള്ള അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതും ഈ ഹരിത കര്‍മ്മ സേനാംഗങ്ങളാണെന്നും മന്ത്രി ആവര്‍ത്തിച്ചു.
പൊതുയിടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ഹരികര്‍മ്മ സേനാംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉയരെ ക്യാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും കൈപുസ്തക  പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

അമ്മു സ്വാമിനാഥന്‍ വേദിയില്‍ നടന്ന പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാന്‍കുട്ടി അധ്യക്ഷയായി. ശുചിത്വ മുന്നേറ്റം - ഭരണശക്തി എന്ന വിഷയത്തില്‍ മുന്‍ കില ഡയറക്ടര്‍ ജനറല്‍ ജോയ് സി ഇളമണ്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ക്ലാസ് നല്‍കി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി കെ സുധീഷ് കുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഐ ഹുസൈന്‍, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സജീഷ് കളത്തില്‍, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഹരിതകര്‍മ്മസേന പ്രോഗ്രാം ഓഫീസര്‍ മേഘാ മേരി കോശി സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ്, ചെയര്‍പേഴ്സണ്‍മാര്‍, മറ്റ് ജനപ്രതിനിധികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date