സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് അദാലത്ത് : 38 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 38 പരാതികള്‍ തീര്‍പ്പാക്കി. അദാലത്തില്‍ ആകെ 46 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ട് പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ലഭിച്ച പരാതികളാണ് പരിഗണിച്ചത്.
പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കുന്നത്.
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് അംഗങ്ങളായ ടി.കെ.വാസു, അഡ്വ. സേതു നാരായണന് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് (ജനുവരി 14) അട്ടപ്പാടി അഗളി മിനി സിവില്സ്റ്റേഷന് ഹാളിലും അദാലത്ത് നടക്കും.
- Log in to post comments